സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വില്പന നടത്തിവന്ന വൻ ക്രിമിനൽ സംഘത്തെ കൈപ്പമംഗലം പോലീസ് പിടികൂടി.

കയ്പമംഗലം : കവർച്ച, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കൂരിക്കുഴി സ്വദേശി തിണ്ടിയെക്കല്‍ വീട്ടിൽ ഹസീബ് കൂട്ടാളികളായ നാട്ടിക സ്വദേശി എടക്കണ്ടിയിൽ വീട്ടിൽ ആകാശ് ബാബു, താന്ന്യം പെരിങ്ങോട്ടുകര സ്വദേശി വടക്കേ കുന്നത്ത് വീട്ടിൽ അരുൺ എന്നിവരാണ് അറസ്റ്റിലായത്. 2026 ജൂൺ 22 തിങ്കളാഴ്ച രാത്രി 9 മണിയോടെ കൂരിക്കുഴിയിലുള്ള ഹസീബിന്റെ വീട്ടിൽ വച്ചാണ് പ്രതികളെ പോലീസ് സംഘം വലയിലാക്കിയത്. ഈ വീട് കേന്ദ്രീകരിച്ച് ലഹരി ഉൽപ്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്തുന്നതായും ലഹരി ഉപയോഗിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നതായും രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി മുഹമ്മദ് നസീമുദ്ദിൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഹസീബിന്റെ പെരിഞ്ഞനത്തുള്ള വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പോലീസ് പിടിച്ചെടുത്തത്. പോലീസ് പരിശോധന നടത്തുന്ന സമയത്ത് 16 വയസ്സുള്ള ഒരു കുട്ടിക്ക് പ്രതികൾ കഞ്ചാവ് ഉപയോഗിക്കാൻ സൗകര്യം ചെയ്തുകൊടുത്തതായും പോലീസ് കണ്ടെത്തി. ഇതേ തുടർന്ന് പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ടിനു പുറമേ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ബാലനീതി നിയമത്തിലെ ജാമ്യമില്ല വകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹസീബ് മതിലകം വലപ്പാട് കൈപ്പമംഗലം കാട്ടൂർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച കേസിലും വധശ്രമ കേസിലും ഇന്റർമീഡിയേറ്റ് അളവിലുള്ള എംഡിഎം എ വില്പനക്കായി സൂക്ഷിച്ച കേസിലും പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലും അടിപിടി കേസിലും കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച കേസിലും അടക്കം 13 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആകാശ് ബാബു ചാലക്കുടി അന്തിക്കാട് കാട്ടൂർ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച കേസിലും വധശ്രമ കേസിലും ആയുധ നിയമ പ്രകാരമുള്ള കേസിലും ഒരു മോഷണക്കേസിലും 16 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു പരിക്കേൽപ്പിച്ച് കേസിലും അടിപിടി കേസിലും അടക്കം 7 കേസുകളിലും പ്രതീയാണ്. അരുൺ വലപ്പാട് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമ കേസിലും അടിപിടി കേസിലും പ്രതിയാണ്.കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജിത്ത്, എസ് ഐ മാരായ അജ സുധിൻ, മണികണ്ഠൻ, ജി ഐ എസ് ഐ മാരായ ജോബി പോൾ രാജേഷ്, നിഷി സിപിഓ മാരായ സുനിൽകുമാർ, പ്രജിത്ത്, ദിനേശ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *