പശ്ചിമഘട്ട ജനവാസമേഖലകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം: കരട് വിജ്ഞാപനത്തിൽ മാറ്റം വേണം

ചാലക്കുടി: പശ്ചിമഘട്ട മലനിരകളോട് ചേർന്നുകിടക്കുന്ന ജനവാസമേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിൽ കോടശേരി കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ കസ്തൂരിരംഗൻ റിപ്പോർട്ട് വരെയുള്ള നിർദേശങ്ങൾക്ക് പിന്നാലെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനമാണിതെന്ന് യോഗം ചൂണ്ടിക്കാട്ടി.
ചാലക്കുടി താലൂക്കിലെ പരിയാരം, അതിരപ്പിള്ളി, കോടശേരി, കുറ്റിച്ചിറ, വെള്ളിക്കുളങ്ങര, മറ്റത്തൂർ, വരന്തരപ്പിള്ളി എന്നീ വില്ലേജുകളിലെ ജനവാസമേഖലകളെ പൂർണമായും നിർദിഷ്ട മാപ്പിൽനിന്ന് ഒഴിവാക്കി പുതിയ സ്കെച്ച് തയ്യാറാക്കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, കേരള മുഖ്യമന്ത്രി, ബെന്നി ബഹനാൻ എം.പി. എന്നിവർക്ക് ഗ്രൂപ്പ് ഭാരവാഹികൾ നിവേദനം നൽകി.
രക്ഷാധികാരി ഡോ. ജോയ് കട്ടക്കയം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. വർഗീസ് പൊറായി, ലില്ലി വെട്ടനാൽ, റാണി ജോഷി, മേഴ്സി പോളി എന്നിവർ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *