ചാലക്കുടി പ്രസ്സ് ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണം സെപ്റ്റംബർ 28ന്പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം;

പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും
ചാലക്കുടി: ചാലക്കുടി പ്രസ്സ് ഫോറത്തിന്റെ ഒമ്പതാമത് ഭരണസമിതിയുടെ സ്ഥാനാരോഹണവും സൗഹൃദസദസ്സും സെപ്റ്റംബർ 28ന് വൈകിട്ട് നാലിന് ചാലക്കുടി ലയൺസ് ഹാളിൽ നടക്കും.
മാധ്യമപ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്നതിനൊപ്പം ചാലക്കുടിയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, കലാ-കായിക മേഖലകളുടെ വളർച്ചയ്ക്കും നാടിന്റെ സമഗ്ര വികസനത്തിനും ഫോറം പ്രവർത്തിച്ചുവരുന്നതായി ഭാരവാഹികൾ പറഞ്ഞു. ജനകീയ വിഷയങ്ങളിൽ ഇടപെടുകയും നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയുമാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.

പ്രസ്സ് ഫോറം പ്രസിഡന്റ് റോസ്മോൾ ധോണിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം,
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്യും. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. എസ്. സുദർശൻ ഐപിഎസ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ആലീസ് ഷിബു മുഖ്യാതിഥിയായി പങ്കെടുക്കും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് ഉപഹാര സമർപ്പണം നിർവഹിക്കും.
മെട്രോ വാർത്ത സീനിയർ സബ് എഡിറ്റർ നീതു ചന്ദ്രൻ സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകും. സെക്രട്ടറി വിൽസൺ മേച്ചേരി, ട്രഷറർ അക്ഷര ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

കലാ-കായിക, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് സുഭാഷ് ചന്ദ്രദാസ്, ജോയ് മൂത്തേടൻ, ഉണ്ണികൃഷ്ണൻ കെ. എ., ജെയിംസ് എം. ടി., അജയകുമാർ യു. എസ്. എന്നിവരെ കർമ്മരത്ന പുരസ്കാരം നൽകി ആദരിക്കും. പൂലാനി നവമാറ്റൊലി കുട്ടി ലൈബ്രറി അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും.
ചാലക്കുടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. പോൾ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജിൽ ആന്റണി, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സതീഷ് കുമാർ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ജോസഫ്, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ, കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ്, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി നെല്ലിശ്ശേരി എന്നിവരും സാംസ്കാരിക, സാമൂഹിക, മത രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ന്യൂസ് ഡെസ്ക്, കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *