ജൂൺ 26 ആഗോള ലഹരി വിരുദ്ധ ദിനം. ലഹരിക്കെതിരായ ഏത് പോരാട്ടവും മനുഷ്യ സ്നേഹ നിർമിതിയാണ്.അഡ്വ. ചാർളി പോൾ

മനുഷ്യ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹികവും ആരോഗ്യകരവുമായ പ്രതിസന്ധികളിൽ ഒന്നാണ് ലഹരി ഉപയോഗവും അതിൻ്റെ വ്യാപനവും. മദ്യവും പുകയിലയും മയക്കുമരുന്നുകളും സിന്തറ്റിക് ലഹരി വസ്തുക്കളും വരെ വ്യാപിച്ച് കിടക്കുന്ന ഈ പ്രശ്നം ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്നു. വ്യക്തികളുടെ ആരോഗ്യം, കുടുംബ ബന്ധങ്ങൾ, സാമ്പത്തിക വളർച്ച, സാമൂഹ്യ സുരക്ഷ എന്നിവയയെ എല്ലാം പ്രതികൂലമായി ബാധിക്കുന്ന വലിയ വിപത്താണിത്. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ 2026 ലെ ഐക്യരാഷ്ട്ര സഭയുടെ പ്രമേയം : “ലോക ലഹരി പ്രശ്നം : നിലനിൽക്കുന്ന പ്രശ്നങ്ങൾ, പുതിയ വെല്ലുവിളികൾ ,നൂതനപരിഹാരങ്ങൾ ” ( The world Drug Problem : Persisting issues, New challenges,Innovative Responses) എന്നതാണ്.ഐക്യരാഷ്ട്രസഭയുടെ കീഴിൽ വിയന്ന ആസ്ഥാനമായുള്ള യു.എൻ.ഒ. ഡി.സി (യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ് ആൻ്റ് ക്രൈം) എന്ന ഘടകമാണ് ലോക ലഹരി വിരുദ്ധ ദിനാചരണങ്ങളെ ഏകോപിപ്പിക്കുന്നത്. 1987 ജൂൺ 26 മുതൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു പോരുന്നു. ലോകത്തിലെ ആദ്യത്തെ ലഹരി വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം (കറുപ്പ് ) യുദ്ധത്തിൻ്റെ ഓർമ്മയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്.ലഹരിയുടെ പ്രശ്നം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല. അത് സമൂഹത്തിൻ്റെ മൊത്തത്തിലുള്ള വികസനത്തെ ബാധിക്കുന്ന ആഗോള വെല്ലുവിളിയാണ് .നിലനിൽക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിയാനും പുതിയ വെല്ലുവിളികളെ നേടുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, സാമൂഹിക പിന്തുണ എന്നിവയെ സംയോജിപ്പിച്ചുള്ള നൂതന പരിഹാര ഭാഗങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷത്തോടെയാണ് ഇത്തവണത്തെ ദിനാചരണം സംഘടിപ്പിക്കുന്നത്.സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സന്ദർഭമാണിത്.നിലനിൽക്കുന്ന പ്രശ്നങ്ങൾ :ലക്ഷക്കണക്കിനാളുകൾ ലഹരി മൂലം ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും ഇരയാകുന്നു. യുവജനങ്ങളാണ് ഏറ്റവും കൂടുതൽ അപകട സാധ്യത നേരിടുന്ന വിഭാഗം. ലഹരി ഉപയോഗം മൂലം യുവജനങ്ങൾ പാഴ്ജന്മങ്ങൾ ആയി മാറുകയാണ്.മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കൾക്ക് പിറകെ പോകുന്നത്. അറിയാനുള്ള ആകാംക്ഷയിൽ ഉപയോഗിച്ചു തുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് മയക്കുമരുന്ന് ആ സക്തി .ചിന്തകളെ, പെരുമാറ്റത്തെ, ഇന്ദ്രിയനുഭൂതികളെ, വികാരങ്ങളെ എല്ലാം ലഹരിയാക്തി ബാധിക്കുന്നു. സർവ്വനാശത്തിലേക്ക് ആണ് ലഹരികൾ വഴി തുറക്കുന്നത്. ഒറ്റ തവണ ഉപയോഗം മതിതീർന്നു ജീവിതം.ഡ്രഗ്സ് ആൻ്റ് ക്രൈം സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് വർഷം തോറും പ്രസിദ്ധീകരിക്കുന്ന വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം 36.3 ദശലക്ഷത്തിലധികം ആളുകൾ മയക്കുമരുന്ന് ഉപയോഗ വൈകല്യങ്ങൾ അനുഭവിക്കുന്നു. ഏകദേശം 200 ദശലക്ഷം പേർ നിരോധിത മയ്ക്കു മരുന്നുകൾ ഉപയോഗിക്കുന്നു. ഓരോ വർഷവും ഏകദേശം രണ്ട് ലക്ഷം പേർ ലഹരിയുടെ അനധികൃത കടത്ത് കൈകാര്യം ചെയ്യുന്നുണ്ട് .275 ദശലക്ഷത്തിലേറെ ആളുകൾ മയക്കുമരുന്നിന് അടിമപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകവ്യാപകമായി പ്രതിവർഷം അമ്പതിനായിരം കോടി ഡോളൻ്റെ മയക്കുമരുന്നു വ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ആയുധ വ്യാപാരം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് മയക്കുമരുന്നു വ്യാപാരത്തിനുള്ളത്. എല്ലാ മയക്കുമരുന്നുകളുടെയും ഉപയോഗം വർദ്ധിച്ചു വരികയാണ്. ഒപ്പം ലഹരിക്കടത്ത് സംഘടിത കുറ്റകൃത്യ ശൃംഖലയായി മാറിയിട്ടുണ്ട്. ഇത് ദേശീയ സുരക്ഷയ്ക്ക് പോലും വെല്ലുവിളിയാകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ലഹരിയുടെ ദുഷ്ചക്രത്തെ തകർത്തേ മതിയാവു.പുതിയ വെല്ലുവിളികൾ:അനുദിനം വിശാലമാവുകയാണ് ലഹരിയുടെ ലോകം. പുതിയ ഉല്പന്നങ്ങളും പുത്തൻ മാർഗങ്ങളുമായി ലഹരി നമ്മെ ചുറ്റി പ്പിടിക്കുന്നു. കരയും കടലും ആകാശം ഒരുപോലെ ഉപയോഗിച്ചാണ് ലഹരിക്കടത്ത്. പുതിയതരം സിന്തറ്റിക് ലഹരികളുടെ ഉൽപാദനവും വിതരണവും വർദ്ധിച്ചു. ചെറിയ അളവിൽ പോലും ഇവ ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വേഗത്തിൽ അടിമത്തം ഉണ്ടാക്കുന്നു. അപകടസാധ്യതകൾ വർധിക്കുന്നു. ഇൻ്റർനെറ്റിന്റെയും നവ മാധ്യമങ്ങളുടെയും വ്യാപനം മറ്റൊരു വെല്ലുവിളിയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ലഹരി വില്പനയും പ്രചാരണവും നടക്കുന്നു. കോവിഡ്-19 മഹാമാരിക്ക് ശേഷം പല രാജ്യങ്ങളിലും ഏകാന്തത, വിഷാദം, ഉൽക്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചതോടെ ലഹരി ഉപയോഗസാധ്യത യുടെ തോത് വർദ്ധിച്ചു. ആരോഗ്യ- സാമൂഹിക രംഗത്തെ സംയുക്ത വെല്ലുവിളിയായി ഇത് മാറി.നൂതന പരിഹാരങ്ങൾ:ലഹരി വസ്തുക്കൾക്കെതിരെ, ലഹരി വിൽക്കുന്ന മരണവ്യാപാരികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. “തൂഫാൻ ദി നാർക്കോ ഹണ്ട് ” എന്ന പേരിൽ കേരള സർക്കാർ ആരംഭിച്ച ലഹരി വേട്ട സ്വാഗതാർഹമാണ്.വിൽപ്പന തടയുക മാത്രമല്ല ,വിപണത്തിന് എത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കണം.ഉപയോഗിക്കുന്നവർ , വിൽക്കുന്നവർ ,പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം നിരീക്ഷണത്തിലാക്കി കർശന നടപടികൾ സ്വീകരിക്കണം. പഴുതടച്ചുള്ള ലഹരി നിർമ്മാർജ്ജന മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത്.രാസലഹരികൾ ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷടിക്കുന്നത്. എന്നാൽ ആഗോളതലത്തിൽ ഏറ്റവുമധികം വിറ്റഴിക്കപെടുന്നതും ദുരന്തങ്ങൾ സൃഷ്ടിക്കുന്നതും മദ്യത്തിൻ്റെ ഉപയോഗം തന്നെയാണ്. അതിനാൽ മദ്യോപയോഗത്തെ നിസ്സാരവത്കരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ സമീപനങ്ങൾ സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്.ലഹരി പ്രശ്‌നത്തെ നേരിടാൻ ശിക്ഷാ പരമായ സമീപനങ്ങൾ മാത്രം മതിയാകില്ല. ബോധവൽക്കരണം, ചികിത്സ, പുനരധിവാസം എന്നിവക്ക് തുല്യപ്രാധാനം നല്കുന്ന സമീപനം ഉണ്ടാകണം. ലഹരിക്ക് അടിമയായവരോടുള്ള സാമൂഹിക അവഗണനയും വിവേചനവും അവസാനി പ്പിക്കണം.ചെറുപ്രായത്തിലെ ബോധവൽക്കരണ ശ്രമങ്ങൾ ആരംഭിക്കണം. ശാസ്ത്രീയമായചികിത്സക്കും പുനരധിവാസത്തിനുമുള്ള സാഹചര്യങ്ങൾ ഇന്ന് വളരെ കുറവാണ് .അത് പരിഹരിക്കപ്പെണം.വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ആത്മധൈര്യവും ജീവിത നൈപുണ്യവും വളർത്തിയാൽ ലഹരി വഴി തേടാൻ സാധ്യത കുറയും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൗൺസിലിംഗ്, ഓൺലൈൻ മാനസികാരോഗ്യ പിന്തുണ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ പ്രയോജനപ്പെടുത്തണം. ലഹരിയുടെ ഉപയോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള സഹായം നൽകുന്നതിനുള്ള കൃത്രിമബുദ്ധി (എ ഐ ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളിലും ആരംഭിച്ചിട്ടുണ്ട്.ലഹരിയുടെ തായ് വേരുകൾ അറുത്തു മാറ്റാനും ലഹരിയുടെ കുത്തൊഴുക്കിനെ പ്രതിരോധിക്കാനും ഓരോ മനുഷ്യസ്നേഹിക്കും കടമയും ഉത്തരവാദിത്വമുണ്ട്. കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിഉപയോഗം. വ്യക്തി-കുടുംബ- സമൂഹ്യ തലങ്ങളിലെല്ലാം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുകയാണ് ലഹരികൾ . ഇതിനെതിരെ സംഘടിതമായി ചെറുത്ത് നില്പ് അനിവാര്യമാണ്. സൂഹത്തെ കാർന്നു നശിപ്പിക്കുന്ന ലഹരിക്കെതിരെ സർക്കാരുകൾ, നിയമപാലന ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, മതങ്ങൾ എന്നിങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണം .ഇനി ആരും ലഹരി വഴി തേടാതിരിക്കാൻ നിതാന്ത പരിശ്രമങ്ങൾ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ലഹരി ഉപയോഗമില്ലാത്ത ഒരു അന്തരാഷ്ട്ര സമൂഹം എന്ന ലക്ഷ്യം സുരക്ഷിതമാക്കാനുള്ള ധീരമായി പ്രവർത്തനത്തിന് ഒരുമിച്ച് അണിചേരാം. (മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്കാരം നേടിയിട്ടുള്ള ലേഖകൻ അഭിഭാഷകനും ട്രെയ്നറും മെൻ്ററുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലനകനുമാണ്.)

Leave a Reply

Your email address will not be published. Required fields are marked *