തൃശൂര്‍: നാട്ടാനകളുടെ രക്ഷകന് പ്രശസ്തിയുടെ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ നാട്ടാനകളെ ചികിത്സിച്ചതിന് ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ ആനചികിത്സ വിദഗ്ധനായ പി.ബി. ഗിരിദാസിന്്. 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ 253 നാട്ടാനകളെ ചികിത്സിച്ചാണ് ഡോ. ഗിരിദാസ് അപൂര്‍വനേട്ടം കരസ്ഥമാക്കിയത്.
എലൈറ്റ് ഇന്റര്‍നാഷണില്‍ നടന്ന ചടങ്ങില്‍ റെക്കോര്‍ഡുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വെറ്ററിനറി സര്‍ജന്‍കൂടിയായ ഡോ.പി.ബി.ഗിരിദാസ് ഏറ്റുവാങ്ങി. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഡോ.ഗംഗാധരന്‍ നായര്‍. മൃഗസംരക്ഷണവകുപ്പ്്് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഹാരിസ്, മുന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍മാരായ ഡോ.യു.എസ്.രാമചന്ദ്രന്‍, ഡോ.ഉഷാറാണി, ഡോ.അജിത്ബാബു, സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാരായ ഡോ.മനോജ് മാത്യു, ഡോ.ഗോപീകൃഷ്ണന്‍, ഡോ.രേഖ, എസ്.പി.സി.എ ഇന്‍സ്‌പെക്ടര്‍ ഇ. അനില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു അഡ് ജ്യൂഡിക്കേറ്റര്‍ സാം ജോര്‍ജ് കൊച്ചക്കാടന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് ലക്ചറായും സേവനമനുഷ്ഠിച്ച ഡോ.ഗിരിദാസിന് ആനകളുടെ ആരോഗ്യ പരിപാലനം, വന്യജീവി സംരക്ഷണം, ആനകള്‍ക്കുള്ള അടിയന്തര ചികിത്സ എന്നിവയില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുണ്ട്്.
ആനകളുടെ പാദരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ കണ്ടെത്തുന്നതിലും, അവയുടെ വംശസംരക്ഷണത്തിനും അദ്ദേഹം നല്‍കിയ നിസ്തുലമായ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ ചരിത്ര റെക്കോര്‍ഡ് നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്. ആനകളുടെ പരിചരണത്തിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും അര്‍പ്പണബോധവും റെക്കോര്‍ഡ്് നേട്ടത്തിനായി പരിഗണിച്ചു.

ആനചികിത്സാ വിദഗ്ധനായ ഡോ.പി.ബി.ഗിരിദാസിന് ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡുകള്‍ സമ്മാനിക്കുന്നു.



