
ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്ര വാഹനം ഓടിച്ചുപോകുന്നതിനിടെ മരച്ചില്ല ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപ് (24) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പറമ്പുവിള വീട്ടിൽ മനോജിന്റെ മകൻ ആകാശ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
ശക്തമായ മഴയിലും കാറ്റിലും റോഡരികിൽ നിന്നിരുന്ന ഉണങ്ങി ജീർണിച്ച മരത്തിന്റെ ചില്ല ഒടിഞ്ഞ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രണവിനെ ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, അപകടത്തിന് കാരണമായ ഉണങ്ങിയ മരം മുറിച്ചുമാറ്റണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന ഗുരുതര ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.




