
മലപ്പുറം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് പ്രധാന അലോട്ട്മെന്റുകളും പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ സീറ്റ് ലഭിക്കാതെ പുറത്തായത് 25,084 വിദ്യാർത്ഥികൾ. നിലവിൽ ജില്ലയിൽ പൊതുവിഭാഗത്തിൽ സീറ്റുകളെല്ലാം തീർന്ന അവസ്ഥയാണ്. ഇനി അവശേഷിക്കുന്നത് വിവിധ സംവരണ വിഭാഗങ്ങളിലായുള്ള വെറും 71 സീറ്റുകൾ മാത്രമാണ്. മൂന്നാം അലോട്ട്മെന്റിൽ ജില്ലയിലെ 18,987 വിദ്യാർത്ഥികൾക്കാണ് പുതുതായി സീറ്റ് ലഭിച്ചത്.താൽക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് സർക്കാർമലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിലെ കടുത്ത സീറ്റ് ക്ഷാമം പരിഹരിക്കാൻ താൽക്കാലിക ബാച്ചുകൾ അനുവദിക്കാനാണ് സർക്കാരിന്റെ നീക്കം. മലപ്പുറം, കോഴിക്കോട്, കാസർകോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലായി ആകെ 120 താൽക്കാലിക ബാച്ചുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഈ 120 ബാച്ചുകളിലായി മലബാറിലാകെ പരമാവധി 6,000 കുട്ടികൾക്ക് മാത്രമാണ് പ്രവേശനം നേടാനാകുക. ബാക്കി വരുന്ന ആയിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം ഇതോടെ പ്രതിസന്ധിയിലാകും.പരിഹാരമാകാതെ ‘സ്ഥിരം ബാച്ച്’ ആവശ്യങ്ങൾമലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി വർഷങ്ങളായി ഉയർന്നുകേൾക്കുന്ന ‘സ്ഥിരം ബാച്ചുകൾ’ എന്ന ആവശ്യത്തിന് ഇത്തവണയും ഭരണകൂടം പരിഹാരം കണ്ടിട്ടില്ല. താൽക്കാലിക ബാച്ചുകൾ അനുവദിച്ച് തടിയൂരാൻ സർക്കാർ ശ്രമിക്കുമ്പോഴും, ജില്ലയിലെ പകുതിയിലധികം കുട്ടികളും ഓപ്പൺ സ്കൂളിനെയോ (SAY) പാരലൽ കോളേജുകളെയോ ആശ്രയിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും.


