വിറപ്പിച്ചു പാരഗ്വായ്, ജർമ്മനി പുറത്ത്; സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ; എംബാപ്പെക്ക് ഇരട്ടഗോൾ!

​ഖത്തർ/അമേരിക്ക: ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 32 പോരാട്ടങ്ങളിൽ വൻ അട്ടിമറിയും വമ്പന്മാരുടെ പടയോട്ടവും. മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് കുതിച്ചപ്പോൾ, സ്വീഡനെ തകർത്ത് ഫ്രാൻസും അവസാന പതിനാറിൽ ഇടമുറപ്പിച്ചു. തോൽവിയോടെ തുടർച്ചയായ മൂന്നാം ലോകകപ്പിലും പ്രീക്വാർട്ടർ കാണാതെ ജർമ്മനി കണ്ണീരോടെ മടങ്ങി.

​എംബാപ്പെ ‘തീയ്യാണ്’;

സ്വീഡനെ തകർത്ത് ഫ്രാൻസ്
​സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. എംബാപ്പെയ്ക്ക് പുറമെ ബ്രാഡ്ലി ബാർക്കോളയും ഫ്രാൻസിനായി വലകുലുക്കി.
​മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഫ്രഞ്ച് ആക്രമണങ്ങളെ തടഞ്ഞുനിർത്താൻ സ്വീഡിഷ് ഗോൾകീപ്പർ ജേക്കബ് സെറ്റർസ്റ്റോം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ (45-ാം മിനിറ്റ്) എംബാപ്പെയിലൂടെ ഫ്രാൻസ് ഡെഡ്‌ലോക്ക് പൊട്ടിച്ചു. രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ മൈക്കൽ ഒലീസിന്റെ പാസിൽ നിന്ന് ബാർക്കോള ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി. 74-ാം മിനിറ്റിൽ ഒലീസിന്റെ തന്നെ അസിസ്റ്റിൽ എംബാപ്പെ വ്യക്തിഗത രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.
​മെസിക്കൊപ്പം എംബാപ്പെ; ഇനി ഫ്രാൻസ് വിസസ് പാരഗ്വായ്
​ഈ ഇരട്ടഗോളുകളോടെ ടൂർണമെന്റിൽ എംബാപ്പെയുടെ ആകെ ഗോൾനേട്ടം ആറായി. നിലവിൽ ലയണൽ മെസിക്കൊപ്പം ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്താണ് ഫ്രഞ്ച് നായകൻ. അലക്സാണ്ടർ ഇസാക്ക്, വിക്ടർ ഗ്യോക്കറെസ് തുടങ്ങിയ സൂപ്പർ സ്ട്രൈക്കർമാരുണ്ടായിട്ടും സ്വീഡന് ഫ്രഞ്ച് പ്രതിരോധം ഭേദിക്കാനായില്ല.
​ക്വാർട്ടർ ഫൈനൽ ടിക്കറ്റിനായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിന്റെ എതിരാളികൾ ജർമ്മനിയെ വീഴ്ത്തിയെത്തുന്ന പാരഗ്വായാണ്. വമ്പന്മാരെ വീഴ്ത്തിയ വീര്യവുമായെത്തുന്ന പാരഗ്വായും മുൻ ചാമ്പ്യന്മാരായ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ പ്രീക്വാർട്ടർ പൂരം കൊഴുക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *