കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (KIDS)യുടെയും കേരള ലേബർ മൂവ്‌മെന്റ് (KLM) ന്റെയും സംയുക്താഭിമുഖ്യത്തിൽ കെ.എൽ.എമ്മിന്റെ പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കെഎൽഎമ്മിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, തൊഴിലാളി ഫോറങ്ങൾ, വിവിധ ക്ഷേമനിധികൾ, തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അവബോധം നൽകുകയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.
കോട്ടപ്പുറം രൂപതാ പ്രസിഡന്റ് വിൻസെന്റ് ചിറയത്ത് അധ്യക്ഷതയിൽ കത്തീഡ്രൽ വികാരി ഫാ. ഡൊമിനിക് പിൻഹിറോ ശില്പശാല ഉദ്ഘാടനം ചെയ്തു. കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖപ്രഭാഷണം നടത്തി. കെഎൽഎം – കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ സ്വാഗതം ആശംസിച്ചു.
രാവിലെ 10ന് ആരംഭിച്ച പരിശീലനത്തിൽ വിവിധ വിഷയങ്ങളിലായി മൂന്ന് സെഷനുകൾ നടന്നു. ആദ്യ സെഷനിൽ “കെഎൽഎം എന്തിന്? എന്താണ് കെഎൽഎം?” എന്ന വിഷയത്തിൽ കെഎൽഎം സംസ്ഥാന റിസോഴ്സ് ടീം അംഗം മോളി ജോബി ക്ലാസ് നയിച്ചു. കെഎൽഎമ്മിന്റെ രൂപീകരണം, ലക്ഷ്യങ്ങൾ, വിവിധ പ്രവർത്തന മേഖലകളിലെ സംഘടനയുടെ പങ്ക് എന്നിവ വിശദീകരിച്ചു.
“കെഎൽഎം തൊഴിലാളി ഫോറങ്ങളും വിവിധ ക്ഷേമനിധികളും” എന്ന വിഷയത്തിൽ മുൻ കെഎൽഎം സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ക്ലാസ് നയിച്ചു. തൊഴിലാളികൾക്കായി ലഭ്യമായ വിവിധ ക്ഷേമനിധികൾ, അംഗത്വ നടപടികൾ, ആനുകൂല്യങ്ങൾ, തൊഴിലാളി ഫോറങ്ങളുടെ പ്രവർത്തനം എന്നിവ അദ്ദേഹം വിശദീകരിച്ചു.
അവസാന സെഷനിൽ കെഎൽഎം സംസ്ഥാന റിസോഴ്സ് ടീം അംഗം പൗലോസ് ആലപ്പാട്ട് കെഎൽഎം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി സമൂഹതലത്തിൽ എത്തിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു.
പരിശീലനത്തിന്റെ ഭാഗമായി പങ്കാളികളുടെ സംശയനിവാരണവും ആശയവിനിമയവും നടന്നു. വിവിധ വിഷയങ്ങളിൽ ലഭിച്ച അറിവുകൾ വിലയിരുത്തുന്നതിനായി അവലോകന സെഷനും സംഘടിപ്പിച്ചു.
കെഎൽഎമ്മിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നേടുന്നതിനും സംഘടനയുടെ സേവനങ്ങളും ക്ഷേമപദ്ധതികളും അർഹരായ തൊഴിലാളികളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനും പരിശീലനം സഹായകമായി.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





