കൊരട്ടി: അന്നമനട, കൊരട്ടി ഗ്രാമപഞ്ചായത്തുകളിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ 15 വർഷമായി ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ‘കനിവ് സാന്ത്വനം’ പാർപ്പിട പദ്ധതി പൂർത്തിയാകുന്നു.
2019ൽ തുടക്കം കുറിച്ച പദ്ധതിയിലൂടെ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത 13 കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കനിവ് ഏറ്റെടുത്തത്. കനിവ് അംഗവും കൊരട്ടി സ്വദേശിയും പ്രവാസിയുമായ സുരേഷ് കുട്ടനും കുടുംബവും നൽകിയ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമായത്.
പദ്ധതിയുടെ അവസാനഘട്ടത്തിൽ നാല് കുടുംബങ്ങൾക്കുള്ള വീടുകളും കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് മുറിയും പൂർത്തീകരിച്ചു. പദ്ധതിയുടെ പൂർത്തീകരണത്തിനായി അകമഴിഞ്ഞ സഹായവും സഹകരണവും നൽകിയ മുഴുവൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനാ ഭാരവാഹികൾ നന്ദി അറിയിച്ചു.
പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് അഞ്ചിന് സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി നിർവഹിക്കും. പാർലമെന്റ് അംഗങ്ങളായ ബെന്നി ബെഹനാനും കെ. രാധാകൃഷ്ണനും മുഖ്യാതിഥികളായി പങ്കെടുക്കും. ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും സമർപ്പണവും ചടങ്ങിൽ നടക്കും.
പ്രശസ്ത നർത്തകൻ ആർ.വി. രാമകൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ സാമൂഹിക-സാംസ്കാരിക-കലാ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കനിവ് രക്ഷാധികാരി കെ.ആർ. ജയൻ, പ്രസിഡന്റ് പി.എസ്. മനോജ്, വൈസ് പ്രസിഡന്റ് അരുൺകുമാർ, ട്രഷറർ ടി.കെ. പോൾസൺ, സെക്രട്ടറി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ജനപ്രതിനിധികളായ പി.ടി. ജോസ്, സാജൻ കൊടിയൻ, ഫാത്തിമ നിസാർ, ഷിജി ബിജു, എം. യു. കൃഷ്ണകുമാർ, ഷംല നൗഷാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയരാമൻ, ഫാ. തോമസ് തറയിൽ, ഇ. ജെ. സെബാസ്റ്റ്യൻ, രമ നാരായണൻ, രമ ടീച്ചർ തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് പ്രശസ്ത ഗായകരായ കലാഭവൻ ഡെൻസൻ, ശ്രീക്കുട്ടി മഠത്തിൽ, റിയാസ് എന്നിവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും. നാടിന് ഉത്സവ ഛായ പകരുന്ന കലാപരിപാടികളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
കനിവ് സാന്ത്വനം പാർപ്പിട പദ്ധതിയുടെ പൂർത്തീകരണവും താക്കോൽദാനവും നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും സംഘാടകർ സ്നേഹപൂർവം ക്ഷണിച്ചു.
ന്യൂസ് ഡസ്ക് കേരളടൈംസ്.





