ചാലക്കുടി: കേരളടൈംസ് ന്യൂസിന്റെ 100-ാം ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26 ശനിയാഴ്ച ഓൺലൈനായി സംഘടിപ്പിച്ച വാർത്താ അവതരണ മത്സരത്തിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് 30 വിദ്യാർഥികളെ തെരഞ്ഞെടുത്തു. യു.പി. വിഭാഗത്തിൽ (5, 6, 7 ക്ലാസുകൾ) നിന്ന് 15 പേരെയും ഹൈസ്കൂൾ വിഭാഗത്തിൽ (8,9,10 ക്ലാസുകൾ) നിന്ന് 15 പേരെയുമാണ് അഞ്ച് അംഗങ്ങളടങ്ങിയ പ്രാഥമിക ജഡ്ജിങ് പാനൽ തെരഞ്ഞെടുത്തത്.
വാർത്തകൾ വായിച്ചറിയുന്നതിനൊപ്പം അവ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാനുള്ള കഴിവ് വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. വാർത്താ അവതരണം കേവലം വായനയല്ലെന്നും വാർത്തയെ മനസ്സിലാക്കി, വസ്തുതകൾക്ക് പ്രാധാന്യം നൽകി, വ്യക്തമായ ഭാഷയിലും ശരിയായ ഉച്ചാരണത്തിലും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ആശയവിനിമയ ശേഷിയാണെന്നും മത്സരം കുട്ടികൾക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാനുള്ള അവസരമായി.
ഫൈനൽ റൗണ്ടിലെ വിധിനിർണയം ദൂരദർശൻ വാർത്താ അവതരണ രംഗത്ത് നിന്ന് വിരമിച്ച സീനിയർ ജേർണലിസ്റ്റിന്റെ നേതൃത്വത്തിലുള്ള ജഡ്ജിങ് പാനൽ ഒക്ടോബർ 1 ബുധനാഴ്ച നടത്തും. അവതരണത്തിലെ വ്യക്തത, ഉച്ചാരണം, വാർത്തയെ സമീപിക്കുന്ന രീതി, ആത്മവിശ്വാസം, ഭാഷാപ്രയോഗം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ വിധിനിർണയം. പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ നടത്തും.
പുസ്തകങ്ങളാണ് സമ്മാനം
വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുക എന്ന കേരളടൈംസിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി വിജയികൾക്ക് പണസമ്മാനത്തിന് പകരം പുസ്തകങ്ങളാണ് സമ്മാനമായി നൽകുന്നത്.
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം – ₹1,500 രൂപയുടെ പുസ്തകങ്ങൾ
രണ്ടാം സ്ഥാനം – ₹1,000 രൂപയുടെ പുസ്തകങ്ങൾ
മൂന്നാം സ്ഥാനം – ₹750 രൂപയുടെ പുസ്തകങ്ങൾ
യു.പി. വിഭാഗം
ഒന്നാം സ്ഥാനം – ₹1,000 രൂപയുടെ പുസ്തകങ്ങൾ
രണ്ടാം സ്ഥാനം – ₹750 രൂപയുടെ പുസ്തകങ്ങൾ
മൂന്നാം സ്ഥാനം – ₹500 രൂപയുടെ പുസ്തകങ്ങൾ
വാർത്തകൾ അറിയുന്ന കുട്ടികൾ നാളെയുടെ ശക്തിയാണെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, “വായിക്കാം… അറിയാം… അവതരിപ്പിക്കാം…” എന്ന ആശയം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യവും മത്സരത്തിനുണ്ട്.
വാർത്തകളെക്കുറിച്ചുള്ള അറിവിനൊപ്പം വായനാശീലം, ഭാഷാശേഷി, അവതരണ മികവ്, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കാൻ ഇത്തരം മത്സരങ്ങൾ കുട്ടികൾക്ക് വലിയ അവസരമാണ് നൽകുന്നത്.
ന്യൂസ്ഡെസ്ക് കേരളടൈംസ്.




