ചാലക്കുടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശുചിത്വബോധവും പൊതുസ്ഥലങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് നഗരസഭ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ചാലക്കുടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിൽ നടന്ന ശുചീകരണ യജ്ഞം നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ നഗരസഭയ്ക്കൊപ്പം ജനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് അവർ പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീഫ സന്തോഷ്, വാർഡ് കൗൺസിലർ വി.ജെ. ജോജി, കെ.എസ്.ആർ.ടി.സി. എ.ടി.ഒ. സുനിൽ കെ.ജെ., ലയൺസ് ക്ലബ് ഭാരവാഹികളായ സാജു പാത്താടൻ, ഇട്ടൂപ്പ് കോനൂപറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും തുടർന്നുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ താലൂക്ക് ആശുപത്രിയിൽ സെപ്തംബർ 30 ന് ശുചീകരണം നടത്തുമെന്ന് കൗൺസിലർ മേഴ്സി അറിയിച്ചു.
ന്യൂസ്ഡെസ്ക് കേരളടൈംസ്.




