​ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു.

ചാലക്കുടിയുടെ അഭിമാനമായി ഫാ. ടൈറ്റസ് കാട്ടുപറമ്പിൽ; സിൽച്ചാർ മിഷന്റെ വികാരി ജനറാളായി നിയോഗം!​ഇരിങ്ങാലക്കുട: സഭയുടെ സുവിശേഷപ്രഘോഷണ ചരിത്രത്തിൽ നിർണായകമായ ഒരു വലിയ പ്രഖ്യാപനവുമായി ഇരിങ്ങാലക്കുട രൂപത. നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ സിൽച്ചാർ മിഷന്റെ പുതിയ വികാരി ജനറാളായി ഫാ. ടൈറ്റസ് കാട്ടുപറമ്പിലിനെ രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിയമിച്ചു. നിലവിൽ സിൽച്ചാർ മിഷന്റെ കോർഡിനേറ്ററായി അജപാലന ശുശ്രൂഷ നിർവഹിച്ചു വരവേയാണ് ഫാ. ടൈറ്റസിനെ ഈ വലിയ ദൗത്യം ഏൽപ്പിക്കുന്നത്.

​ഈ പുതിയ അപ്പസ്തോലിക നിയോഗം ചാലക്കുടി മേഖലയ്ക്കും ഇരിങ്ങാലക്കുട രൂപതയ്ക്കും ഒരുപോലെ വലിയ അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്.
​ചാലക്കുടി സെന്റ് മേരിസ് ഫൊറോന ഇടവകയിലെ കാട്ടുപറമ്പിൽ പരേതരായ ലോന – മേരി ദമ്പതികളുടെ മകനായി 1972-ലാണ് ഫാ. ടൈറ്റസ് ജനിച്ചത്.
​ അന്നനാട് യൂണിയൻ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് ബിരുദപഠനവും പൂർത്തിയാക്കി. ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരിയിൽ പ്രാഥമിക വൈദിക പരിശീലനവും, കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്ന് ഫിലോസഫി, തിയോളജി പഠനങ്ങളും പൂർത്തിയാക്കിയ ഫാ. ടൈറ്റസ്, 1999 ജനുവരി 2-ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വച്ച് ദിവംഗതനായ മാർ ജെയിംസ് പഴയാറ്റിലിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
​സഭയുടെ വിവിധ ശുശ്രൂഷകളിൽ മുദ്രപതിപ്പിച്ച അദ്ദേഹം,
​എടത്തിരുത്തി ഫൊറോന, സൗത്ത് താണിശേരി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും; കൊടുങ്ങല്ലൂർ, പടിഞ്ഞാറേ വെമ്പല്ലൂർ, ആനത്തടം, കുഴൂർ, സേവിയൂർ എന്നീ ഇടവകകളിൽ വികാരിയായും മാതൃകാപരമായ അജപാലന ശുശ്രൂഷകൾ നിർവഹിച്ചു.
​അജപാലന രംഗത്ത് മാത്രമല്ല, മികച്ച സംഘാടകനായും ഭരണാധികാരിയായും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്:
​സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ,
​ജോൺ പോൾ ഭവൻ (ഡിഗ്രി ഫോർമേഷൻ സെന്റർ) റെക്ടർ,
​രൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി,
​ആളൂർ നവചൈതന്യ, ആനന്ദപുരം സാൻജോ സദൻ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്ത അദ്ദേഹം,
​അക്കാദമിക് മികവും അഡ്മിനിസ്ട്രേറ്റീവ് പാടവവും
​ഉയർന്ന അക്കാദമിക് പശ്ചാത്തലമുള്ള പുരോഹിതനാണ്. എം.എ., എം.എഡ്. ബിരുദാനന്തര ബിരുദങ്ങൾക്ക് പുറമേ, റോമിലെ പ്രശസ്തമായ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാശാസ്ത്രത്തിൽ ലൈഷ്യൻഷേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
​വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം, മികച്ചൊരു വാഗ്മിയും ദീർഘവീക്ഷണമുള്ള അഡ്മിനിസ്ട്രേറ്ററുമാണ്. നിലവിൽ ഷംഷാബാദ് അതിരൂപതയ്ക്ക് കീഴിലുള്ള സിൽച്ചാർ സീറോ മലബാർ മിഷനെ നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശേഷമാണ് ഇപ്പോൾ വികാരി ജനറാളായുള്ള ഈ വലിയ പദവി അദ്ദേഹത്തെ തേടിയെത്തുന്നത്.
​ജോബ്, ബിന്നി, ടിസി എന്നിവർ സഹോദരങ്ങളാണ്. മിഷൻ മേഖലയിലെ പുതിയ നിയോഗത്തിലൂടെ സഭയ്ക്കും ചാലക്കുടിക്കും കൂടുതൽ പെരുമ സമ്മാനിക്കാൻ ഫാ. ടൈറ്റസ് കാട്ടുപറമ്പിലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കേരളടൈംസ് കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *