തൃശൂർ: രാഷ്ട്രീയ പ്രവർത്തനം കേവലം ഒരു വ്യക്തിയുടെ മാത്രം ഇടപെടലല്ലെന്നും അതിനു പിന്നിൽ കുടുംബത്തിന്റെ പിന്തുണയും ത്യാഗവും നിർണായകമാണെന്ന തിരിച്ചറിവോടെ ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിക്കുന്നു. നാളെ സെപ്തംബർ 13, ഞായർ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കാക്കത്തുരുത്തി സീഷോർ റിസോർട്ടിലാണ് പരിപാടി.
പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം, രാഷ്ട്രീയ ലക്ഷ്യങ്ങൾ കുടുംബാംഗങ്ങൾ കൂടി മനസ്സിലാക്കി പിന്തുണയ്ക്കുമ്പോഴാണ് ഒരു പ്രവർത്തകന്റെ പൊതുജീവിതം പൂർണ്ണമാകുന്നത് എന്ന ആശയം മുൻനിർത്തിയാണ് സംഗമം ഒരുക്കുന്നത്.
പാർട്ടി പ്രവർത്തന രീതികളെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് വ്യക്തത വരുത്താനും, പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും പങ്കുവെക്കാനും, കുടുംബവും പൊതുപ്രവർത്തനവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും പരിപാടി വേദിയാകും. സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കുന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് കുടുംബങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് സംഘാടകർ വ്യക്തമാക്കി.
കുടുംബത്തിന്റെ വിശ്വാസവും സഹകരണവും ഉറപ്പാക്കി പ്രവർത്തകരെ കൂടുതൽ സജീവമായി പൊതുരംഗത്തേക്ക് നയിക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
”കുടുംബത്തോടൊപ്പം പ്രവർത്തകൻ; പ്രവർത്തകനോടൊപ്പം കുടുംബം — ജനങ്ങൾക്കൊപ്പം ഒരു പുതിയ രാഷ്ട്രീയ യാത്ര” എന്ന സന്ദേശമുയർത്തിയാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് | കേരള ടൈംസ്
രാഷ്ട്രീയ പ്രവർത്തനത്തിന് കരുത്തായി കുടുംബം; ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം നാളെ





