ശക്തമായ മഴയെയും വേലിയേറ്റത്തെയും തുടർന്ന് വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ച് പരിസരങ്ങളിൽ ശക്തമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. കൂറ്റൻ തിരമാലകൾ അടിച്ചു കയറി നിരവധി വീടുകളിൽ വെള്ളം കയറുകയും തീരദേശ റോഡുകളും മതിൽക്കെട്ടുകളും തകരുകയും ചെയ്തു. ഭീഷണിയിലായ വീടുകളിൽ നിന്നുള്ള കുടുംബങ്ങളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ദുരിതബാധിത പ്രദേശം നേരിട്ടു സന്ദർശിച്ച കളക്ടർ, പ്രദേശവാസികളോട് സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു. അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ടവർക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ തഹസിൽദാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.കടൽക്ഷോഭം ചെറുക്കുന്നതിനായി അടിയന്തരമായി മണൽച്ചാക്കുകൾ അടുക്കാനും, തകർന്ന ഭാഗങ്ങളിൽ ജിയോ ബാഗുകൾ അല്ലെങ്കിൽ കരിങ്കല്ലുകൾ ഉപയോഗിച്ച് തീരസംരക്ഷണം ഉറപ്പാക്കാനും ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.കാലവർഷത്തിലും കള്ളക്കടൽ പ്രതിഭാസത്തിന്റെ സമയത്തും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ-ഭക്ഷ്യസുരക്ഷാ-ദുരന്തനിവാരണ വിഭാഗങ്ങൾ ഏകോപിപ്പിച്ച് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.
തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, പൊക്കാഞ്ചേരി തീരദേശ മേഖലകളിൽ രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ജനങ്ങളുടെ ആശങ്കകളും നാശനഷ്ടങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രദേശത്ത് സന്ദർശനം നടത്തി.




