നീറ്റ് പരീക്ഷാ വീഴ്ചകൾ: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; “ഇനി ഇങ്ങനെ മുന്നോട്ട് പോകാൻ അനുവദിക്കില്ല”

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരീക്ഷാ സംവിധാനത്തിലെ പിഴവുകൾ ഇനി തുടരാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.ജസ്റ്റിസുമാരായ പി. എസ്. നരസിംഹയും അലോക് ആരാധെയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. വിഷയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പരീക്ഷാ നടപടികൾ പൂർണമായും സുതാര്യവും വിശ്വാസ്യതയുള്ളതുമാക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരിനോട് കോടതി വിശദീകരണം തേടി. അത്തരമൊരു സംവിധാനം നടപ്പാക്കിയാൽ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ സർക്കാരിന്റെ സമഗ്രമായ നിലപാട് അവതരിപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് ഈ മാസം 27-ലേക്ക് മാറ്റിവച്ചു.ന്യൂസ് ഡെസ്ക് | കേരള ടൈംസ്

Leave a Reply

Your email address will not be published. Required fields are marked *