തേഞ്ഞുതീർന്ന ടയറും അമിതഭാരവും; ഇരിട്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് വഴിയിലായി, യാത്രക്കാർ ദുരിതത്തിൽ

​ഇരിട്ടി: നൂറോളം യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് പകുതിവഴിയിൽ യാത്ര അവസാനിപ്പിച്ചു. ഇരിട്ടിയിൽ നിന്നും കീഴ്പ്പള്ളിയിലേക്ക് പോവുകയായിരുന്ന ബസാണ് ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം വഴിയിൽ കുടുങ്ങിയത്. ശേഷിയിലധികം യാത്രക്കാരെ കയറ്റിയതുമൂലം അമിതഭാരം കാരണം ബസ്സിന്റെ ബോഡി ടയറിൽ ഉരസുകയും വാഹനം മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലാവുകയുമായിരുന്നു. ഇതോടെ യാത്രക്കാർ പാതിവഴിയിൽ ഇറങ്ങി മറ്റ് ബസ്സുകളെ ആശ്രയിക്കേണ്ടി വന്നു.
​ബസ് നിർത്തിയിട്ട ശേഷം നടത്തിയ പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ ഗുരുതര വീഴ്ച പുറത്തായത്. പൂർണ്ണമായും തേഞ്ഞുതീർന്ന ടയറുകളുപയോഗിച്ചാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. ഇത്തരം മോശം ടയറുകളുമായി നൂറോളം യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി സർവീസ് നടത്തുന്നത് വൻ അപകടസാധ്യതയാണ് വിളിച്ചുവരുത്തുന്നത്.
​അധികൃതർ കണ്ണ് തുറക്കുമോ?
രണ്ടാഴ്ച മുമ്പ് മോട്ടോർ വാഹന വകുപ്പ് കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പരിശോധന നടത്തി കർശന നടപടികൾ സ്വീകരിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പും പോലീസും സ്വകാര്യ വാഹനങ്ങൾക്കെതിരെ പതിവായി കർശന പരിശോധനകൾ നടത്താറുണ്ടെങ്കിലും, കെ.എസ്.ആർ.ടി.സിയുടെ ഇത്തരം നഗ്നമായ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ മടിക്കുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം

Leave a Reply

Your email address will not be published. Required fields are marked *