​മകളെ ബസ് കയറ്റിവിട്ട ശേഷം മടങ്ങിയ യുവതി കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു.

​പുതുക്കാട്: മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്ക് നടന്നുപോയ യുവതി കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ചു. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സൻ്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്.
​തിങ്കളാഴ്ച രാവിലെ 7 മണിയോടെ പുതുക്കാട് സെൻ്ററിലായിരുന്നു ദാരുണമായ അപകടം. ചാലക്കുടിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്.

​പുതുക്കാട് സ്റ്റോപ്പിൽ നിർത്തി മുന്നോട്ടെടുക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ്, വഴിയോരത്തുകൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് ഓട്ടോ സ്റ്റാൻഡിന് ഇടയിലൂടെ പാഞ്ഞുപോയി ദേശീയപാതയോരത്തെ ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
​റോഡിൽ വീണ സിന്ധുവിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങി. പാഞ്ഞുവരുന്ന ബസ് കണ്ട് ചായക്കടയ്ക്ക് മുന്നിൽനിന്ന് ഓടിമാറുന്നതിനിടെ മറ്റൊരു വ്യക്തിക്കും വീണ് പരിക്കേറ്റിട്ടുണ്ട്. പുതുക്കാട് സ്റ്റാൻഡിൽനിന്ന് എടുത്ത ബസായതിനാൽ അപകടസമയത്ത് ഒരു യാത്രക്കാരി മാത്രമാണ് ഇതിലുണ്ടായിരുന്നത്.

​വിധി വഴിതിരിച്ചുവിട്ട യാത്ര

​രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് സീജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ സിന്ധു, മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് ദേശീയപാതയിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നുവന്നത്. സാധാരണ ദിവസങ്ങളിൽ ദേശീയപാതയ്ക്ക് സമീപമുള്ള റോഡ് വരെ മാത്രമാണ് സിന്ധു മകളോടൊപ്പം വരാറുള്ളത്.
​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവറെയും നാട്ടുകാർ ഉടൻ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *