
ആകെ പദ്ധതികൾ : 541 വികസന-ക്ഷേമ പദ്ധതികൾ.
വിലയിരുത്തൽ : ഓരോ 20 ദിവസം കൂടുമ്പോഴും കർശനമായ പുരോഗതി പരിശോധന.
തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മപരിപാടി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. നിയമസഭയിലെ ബജറ്റ് ചർച്ചകൾക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആകെ 541 പദ്ധതികളാണ് നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതികളുടെ നടത്തിപ്പിനായി ജൂലൈ 1 മുതൽ കൗണ്ട് ഡൗൺ ആരംഭിച്ചതായും, ഓരോ 20 ദിവസം കൂടുമ്പോഴും പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കുമെന്ന സർക്കാരിന്റെ ഉറപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപനത്തിനും ധനബിൽ പാസാക്കലിനും പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന പുതുക്കി; ധനബിൽ പാസായി
ശക്തമായ വാദപ്രതിവാദങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് സംസ്ഥാനത്തെ ധനബിൽ നിയമസഭ പാസാക്കിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ (Mild Liquor) നികുതി ഘടന പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഭേദഗതിയോടെയാണ് ബിൽ പാസാക്കിയത്. പുതിയ നികുതി ഘടന വലിയ തോതിലുള്ള രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
”ബജറ്റിന്റെ തിളക്കം കെടുത്താൻ ചിലർ ശ്രമിക്കുന്നു”
ബജറ്റ് ചർച്ചകൾക്ക് മറുപടി പറയുന്നതിനിടെ യു.ഡി.എഫിലെ തന്നെ ചില വിമർശകർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചു. സർക്കാരിന്റെ ജനപ്രിയ ബജറ്റിന്റെ തിളക്കം കെടുത്താൻ പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തെ ചിലരും കൈകോർത്തുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ വികസന അജണ്ടയെ ബാധിക്കില്ലെന്നും സമയബന്ധിതമായ പദ്ധതി പൂർത്തീകരണത്തിലൂടെ സംസ്ഥാനത്ത് പുതിയൊരു ഭരണസംസ്കാരത്തിന് തുടക്കം കുറിക്കാനാണ് യു.ഡി.എഫ് സർക്കാർ ലക്ഷ്യമിടുന്നത്.
അദ്ദേഹം വ്യക്തമാക്കി. ധനബിൽ പാസാക്കിയ ശേഷം നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.


