ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന യുകെ മലയാളി ജോഷി ജെയിംസ് ചിറക്കലിന്റെ മൃതദേഹം വെള്ളിയാഴ്ച്ച ജന്മനാട്ടിൽ സംസ്കരിക്കും

ചെസ്റ്റർ: ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന യുകെ മലയാളി ജോഷി ജെയിംസ് ചിറക്കൽ (59) ചെസ്റ്ററിൽ അന്തരിച്ചു. സെപ്റ്റംബർ 7ന് രാവിലെ 7.15നായിരുന്നു അന്ത്യം.
കോട്ടയം ഏറ്റുമാനൂർ ചിറക്കൽ വീട്ടിൽ പരേതനായ എൻ.ജെ. ജെയിംസിന്റെയും ചിന്നമ്മ ജെയിംസിന്റെയും മകനാണ് ജോഷി. UAE യിലെ അലൈനിൽ ആയിരുന്ന ജോഷിയും കുടുംബവും കഴിഞ്ഞ മൂന്നര വർഷമായി യു.കെ.യിലെ ചെസ്റ്ററിൽ താമസിച്ചുവരികയായിരുന്നു. വാറിങ്ടണിൽ റോയൽ മെയിലിൽ ജോലി ചെയ്തിരുന്ന ജോഷി,
ജൂണിൽ നാട്ടിലായിരിക്കെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്. തുടർന്ന് ജൂണിൽ തന്നെ നാട്ടിൽ ശസ്ത്രക്രിയ നടത്തി. ഏകദേശം ഒരു മാസത്തിനുശേഷം യു.കെ.യിലേക്ക് മടങ്ങിയ ജോഷിക്ക് വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ട്യൂമർ വീണ്ടും വളർന്നതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചെസ്റ്ററിലെ ക്ലാറ്റർ ബ്രിഡ്ജ് കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് അവസാന ഒരു മാസത്തോളം ചെസ്റ്ററിലെ ഹോസ്പൈസിൽ പരിചരണത്തിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം.
നാട്ടിൽ ഏറ്റുമാനൂർ ക്രിസ്തുരാജ റോമൻ കത്തോലിക്കാ ദൈവാലയത്തിലെ അംഗമായിരുന്ന ജോഷി, യു.കെ.യിൽ ചെസ്റ്റർ മാർ സാബോർ ആൻഡ് മാർ അഫ്രോത്ത് പാരിഷ് അംഗവുമായിരുന്നു. മലയാളി സമൂഹത്തിലും വിവിധ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ ജെമ്മ ഗൽഗാനി ചെസ്റ്ററിലെ എൻഎച്ച്എസ് കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്.
മക്കൾ: ഡോ. ജെറി ജോഷി (മൈസൂർ), ജെസ്ലിൻ ജോഷി (കാനഡ).
സഹോദരങ്ങൾ: ജെയ്ൻ ജോണി (എറണാകുളം), ജെസ്സമ്മ തോമസ് (യുകെ), ജാൻസിമോൾ തോമസ് (ഓസ്ട്രേലിയ), ഫാ. ജസ്റ്റിൻ ജെയിംസ് എം.എസ്.എഫ്.എസ്. (കണ്ണൂർ), ജെയ്സൺ ജെയിംസ് (യുകെ).

സെപ്റ്റംബർ 12ന് ചെസ്റ്ററിലെ സെന്റ് കൊളംബാസ് ദൈവാലയത്തിൽ ജോഷിയുടെ പൊതുദർശനവും തിരുക്കർമ്മങ്ങളും നടന്നു.

ജോഷിയുടെ ഭൗതികശരീരം സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ 10ന് കോട്ടയം ഏറ്റുമാനൂർ ക്രിസ്തുരാജ ദൈവാലയ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും.
ഉച്ചയ്ക്ക് 2ന് Fraternity in Al Ain കൂട്ടായ്മയിലെ അംഗങ്ങൾ ജോഷിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ദുഃഖാർത്തരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യും.
തുടർന്ന് വൈകിട്ട് 3ന് ഏറ്റുമാനൂർ ക്രിസ്തുരാജ ദൈവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ന്യൂസ് ഡെസ്‌ക് | കേരള ടൈംസ്

Leave a Reply

Your email address will not be published. Required fields are marked *