തൃശ്ശൂർ: ഓണക്കാലത്ത് അരിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 1.63 ലക്ഷം മെട്രിക് ടൺ അരി വിപണിയിലെത്തിക്കുമെന്ന് യുവജനക്ഷേമം, കായികം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തൃശ്ശൂർ കോർപ്പറേഷൻ പാലസ് ഗ്രൗണ്ടിൽ ആഗസ്റ്റ് 25 വരെ തുടരുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും സപ്ലൈകോ ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് ആശ്വാസകരമായ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുകയാണ് ഫെയറുകളുടെ ലക്ഷ്യം.
ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, ചെറുപയർ, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, കടല, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയുൾപ്പെടെ 13 ഇനം സബ്സിഡി സാധനങ്ങൾ പ്രത്യേക വിലക്കിഴിവിൽ ഫെയറിൽ ലഭിക്കും. മറ്റ് അവശ്യസാധനങ്ങളും വിലക്കുറവിൽ ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
ജില്ലാ ഫെയറിന് പുറമെ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആഗസ്റ്റ് 20 മുതൽ 25 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കും. ജില്ലാ ഫെയർ രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തിക്കുക.
തൃശ്ശൂർ കോർപ്പറേഷൻ പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എം.എൽ.എ രാജൻ ജെ. പല്ലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഓണം ഫെയറിലെ ആദ്യവിൽപ്പന നിർവഹിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ചെമ്പൂക്കാവ് ഡിവിഷൻ കൗൺസിലർ അഡ്വ. ജോയി ബാസ്റ്റിൻ ചാക്കോള സമൃദ്ധി കിറ്റിന്റെ ആദ്യവിൽപ്പന നടത്തി.
സപ്ലൈകോ പാലക്കാട് മേഖലാ മാനേജർ ജി. സുമ സ്വാഗതവും തൃശ്ശൂർ ജില്ലാ സപ്ലൈ ഓഫീസർ ടി.ജെ. ആശ നന്ദിയും പറഞ്ഞു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എ. മുഹമ്മദ് റഷീദ്, സി.വി. കുര്യാക്കോസ്, പി.എം. ഏല്യാസ്, സപ്ലൈകോ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഓണക്കാല വിലക്കയറ്റത്തിന് തടയിട്ട് സപ്ലൈകോ; 1.63 ലക്ഷം ടൺ അരി വിപണിയിൽ




