24 മണിക്കൂറും ധാന്യവിതരണം;എ.ടി.എം പോലെ ഇനി റേഷനും; കേരളത്തിൽ ‘ധാന്യ എ.ടി.എം’ പദ്ധതിക്ക് തുടക്കം.

തിരുവനന്തപുരം : കേരളത്തിൽ റേഷൻ വിതരണ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ‘ധാന്യ എ.ടി.എം’ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ബാങ്ക് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതുപോലെ, ഇനി അരിയും ഗോതമ്പും ഉൾപ്പെടെയുള്ള റേഷൻ ധാന്യങ്ങൾ യന്ത്രങ്ങളിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. ആധാർ-ബയോമെട്രിക് പരിശോധനയിലൂടെ അഞ്ച് മിനിറ്റിനകം അരിയും ഗോതമ്പും കൈപ്പറ്റാം. ഒഡീഷയിൽ വിജയകരമായി നടപ്പാക്കിയ മാതൃകയാണ് കേരളവും പിന്തുടരാൻ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ പ്രാരംഭ നടപടികൾ വകുപ്പ് ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാന്യവിതരണ യന്ത്രങ്ങളിലൂടെ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് റേഷൻ ധാന്യങ്ങൾ കൈപ്പറ്റാനാകും.
പദ്ധതിപ്രകാരം, യന്ത്രത്തിൽ ആധാർ നമ്പറും റേഷൻ കാർഡ് വിവരങ്ങളും നൽകണം. തുടർന്ന് ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം സ്ഥിരീകരിച്ചാൽ അർഹമായ അളവിലുള്ള ധാന്യം യന്ത്രത്തിൽ നിന്ന് ലഭിക്കും. നിലവിൽ ഒഡീഷയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ അഞ്ച് മിനിറ്റിനുള്ളിൽ വിതരണം പൂർത്തിയാക്കുന്ന സംവിധാനമാണ്. പദ്ധതിയുടെ സാധ്യതകളും പ്രായോഗികതയും സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാൻ സാധിക്കുന്ന ‘വൺ നേഷൻ, വൺ റേഷൻ കാർഡ്’ സംവിധാനത്തിന് ഈ പദ്ധതി കൂടുതൽ കരുത്തേകുമെന്നുമാണ് വിലയിരുത്തൽ.
ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ (WFP) സഹകരണത്തോടെയാണ് ഒഡീഷ സർക്കാർ ഭുവനേശ്വറിൽ ആദ്യത്തെ ധാന്യ എ.ടി.എം സ്ഥാപിച്ചത്. കേരളത്തിലും ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. അതേസമയം, പുതിയ സംവിധാനം നിലവിൽ വന്നാലും നിലവിലുള്ള റേഷൻ കടകളുടെ പ്രവർത്തനത്തെ ഇത് ബാധിക്കില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *