ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താനിരുന്ന രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (UFBU) തമ്മിൽ സെപ്റ്റംബർ 27 ഞായറാഴ്ച രാത്രി 9.30ന് നടന്ന ചർച്ചകൾക്കൊടുവിലാണ് സമരം മാറ്റിവെക്കാൻ ധാരണയായത്.
ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ തുടർചർച്ചകൾ നടത്താൻ ധാരണയായതോടെയാണ് പണിമുടക്ക് മാറ്റിവെച്ചത്. എല്ലാ ശനിയാഴ്ചകളും അവധി ദിവസങ്ങളാക്കണമെന്ന ആവശ്യത്തിൽ IBA–UFBU പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും 2024 മാർച്ച് 8-ലെ ചർച്ചകളിൽ അവശേഷിച്ച വിഷയങ്ങളും തുടർചർച്ചകളിൽ പരിഗണിക്കും.
AIBEA, AIBOC, NCBE, AIBOA, BEFI, INBOC, INBEF എന്നീ സംഘടനകളുടെ കൂട്ടായ്മയായ UFBU ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ധാരണയുടെ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് UFBU അറിയിച്ചു.
പണിമുടക്ക് മാറ്റിവെച്ച സാഹചര്യത്തിൽ സെപ്റ്റംബർ 28 തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരും.
സമരപ്രഖ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ തുറക്കണമെന്ന് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു; അത് പ്രകാരം ഇന്നലെ ബാങ്കുകൾ പ്രവർത്തിച്ചിരുന്നു.
ന്യൂസ്ഡെസ്ക് കേരളടൈംസ്.





