ചാലക്കുടി താലൂക്കിലെ പേരാമ്പ്ര ചാലക്കുടി വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയായി. സർവെ റെക്കോർഡുകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാം. ഭൂവുടമസ്ഥർ ‘എന്റെ ഭൂമി’ (https://entebhoomi.kerala.gov.in) ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഭൂവിവരങ്ങൾ ഓൺലൈനായി പരിശോധിക്കണം. ഇതിനുപുറമെ, പടിഞ്ഞാറെ ചാലക്കുടി വില്ലേജ് ഓഫീസിന്റെ മുകളിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ചാലക്കുടി ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടെത്തി റെക്കോർഡുകൾ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മുൻ സർവെ നമ്പർ ഒന്ന് മുതൽ 610 വരെയുള്ള പ്രദേശങ്ങളുടെ ഡിജിറ്റൽ റീസർവെ ബ്ലോക്ക് നമ്പർ ഒന്ന് മുതൽ 38 വരെയുള്ള രേഖകളാണ് ഇവിടെ പരിശോധിക്കാവുന്നത്. പരിശോധന വേളയിൽ റെക്കോർഡുകളിലെ വിവരങ്ങളിലോ അതിരുകളിലോ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ 30 ദിവസത്തിനകം തൃശ്ശൂർ റീസർവെ സൂപ്രണ്ടിന് ഫോറം 16-ൽ നേരിട്ടോ അല്ലെങ്കിൽ ‘എന്റെ ഭൂമി’ പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീലുകൾ ലഭിച്ചില്ലെങ്കിൽ നിലവിലെ റീസർവെ റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണ്ണം എന്നിവ കുറ്റമറ്റതാണെന്ന് പ്രഖ്യാപിച്ച് ഫൈനൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് റെക്കോർഡുകൾ അന്തിമമാക്കുമെന്ന് സർവെ (റെയ്ഞ്ച്) അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. എന്നാൽ, സർവെ സമയത്ത് തർക്കം ഉന്നയിക്കുകയും മുൻപ് തന്നെ തീരുമാനം അറിയിച്ചിട്ടുമുള്ള ഭൂഉടമസ്ഥർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടിയിലുള്ള ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസുമായോ അല്ലെങ്കിൽ 0487-2334459 എന്ന നമ്പറിലോ ബന്ധപ്പെടണം.



