തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണത്തിൽ സുപ്രീം കോടതിയുടെ നിർദേശം നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. മനുഷ്യരുടെ ജീവനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയാകുന്ന അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ സുപ്രീം കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിന്റെ ഭാഗമായി അപകടകാരികളായി തിരിച്ചറിയപ്പെടുന്ന തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനായി സർക്കാർ പ്രാഥമിക പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവയുടെ ഏകോപനത്തിലായിരിക്കും നടപടി.
തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്‌മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.
നിയമപരമായ മാനദണ്ഡങ്ങളും മൃഗക്ഷേമ ചട്ടങ്ങളും പാലിച്ചായിരിക്കും ദയാവധം നടപ്പാക്കുകയെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാർ നടപടി വേഗത്തിലാക്കുന്നത്.





