പോസ്റ്റ് ഓഫീസ് ആർ.ഡി (ആവർത്തിത നിക്ഷേപം) സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയാണെന്നും, നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി അക്കൗണ്ട് ഉടമകൾ ചില പ്രധാന വിവരങ്ങൾ ശ്രദ്ധിക്കണമെന്നും തൃശ്ശൂർ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജന്റുമാർ മുഖേനയോ അല്ലെങ്കിൽ നിക്ഷേപകർക്ക് നേരിട്ടോ പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ ഒപ്പ് വാങ്ങി സൂക്ഷിക്കണം. എന്നാൽ, നിക്ഷേപകൻ നൽകിയ തുക പോസ്റ്റ് ഓഫീസിൽ ഒടുക്കിയതിനുള്ള ഒരേയൊരു ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ വെച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാൽ, എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ സ്വയം പരിശോധിച്ച് ബോധ്യപ്പെടണം.
പോസ്റ്റ് ഓഫീസ് ആർ.ഡി നിക്ഷേപകർ ശ്രദ്ധിക്കുക: സുരക്ഷിതത്വം ഉറപ്പാക്കാൻ നിർദേശങ്ങൾ



