ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയായി നിന്നിരുന്ന വൻമരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റി. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ്റെ അടിയന്തര ഉത്തരവിനെത്തുടർന്ന് ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച നടപടി പൂർത്തിയാക്കിയത്. ശക്തമായ കാറ്റിലും മഴയിലും മരച്ചില്ലകൾ ഒടിഞ്ഞുവീണ് വലിയ ദുരന്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന ജനങ്ങളുടെ ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
സാമൂഹിക സംഘടനയായ ‘ആക്ട് ചാലക്കുടി’ പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശ്ശേരി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടികൾക്ക് വേഗതയേറിയത്. അടിയന്തര നടപടി സ്വീകരിക്കാൻ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നഗരസഭ സെക്രട്ടറിക്ക് നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു.
“ഇവിടെ എപ്പോഴും വലിയ തിരക്കാണ്. കഴിഞ്ഞ ശനിയാഴ്ച അർധരാത്രി വലിയൊരു കൊമ്പ് ഒടിഞ്ഞ് നേരെ കറന്റ് ലൈനിലേക്ക് വീണ് തീപിടിത്തമുണ്ടായി. ഭാഗ്യം കൊണ്ടാണ് അന്ന് ആളപായം ഉണ്ടാകാതിരുന്നത്. ഫയർഫോഴ്സ് വന്നിട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്. ഇപ്പോഴെങ്കിലും ഇത് മുറിച്ചുമാറ്റാൻ നടപടിയുണ്ടായതിൽ വലിയ ആശ്വാസമുണ്ട്.”
റിപ്പോർട്ടർ (Voice Over):
ശനിയാഴ്ച അർധരാത്രിയിലുണ്ടായ ആ അപകടമാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. അർധരാത്രിയായതിനാൽ മാത്രമാണ് അന്ന് വലിയൊരു ദുരന്തം ഒഴിവായത്. ജില്ലാ കളക്ടറുടെ കടുത്ത നിർദേശത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ തന്നെ നഗരസഭാ അധികൃതരും ജീവനക്കാരും സ്ഥലത്തെത്തി അപകടഭീഷണിയായ മുഴുവൻ മരച്ചില്ലകളും മുറിച്ചുനീക്കുകയായിരുന്നു. മഴക്കാലം ശക്തമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭയുടെ ഈ ഉടനടിയുള്ള ഇടപെടലിനെ വലിയ ആശ്വാസത്തോടെയാണ് പ്രദേശവാസികളും വിദ്യാർത്ഥികളും കാണുന്നത്.





