വാടാനപ്പള്ളി: ബീച്ചിൽ നടക്കാനിറങ്ങിയ ആളെ ആക്രമിച്ച് നാലര പവന്റെ സ്വർണ്ണമാലയും ഏലസ്സും കവർന്ന കേസിൽ മൂന്ന് പേരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശി വിളക്കുപറമ്പിൽ അമീർ (24), ഗണേശമംഗലം MLA വളവ് സ്വദേശി പടിഞ്ഞാറെ വീട്ടിൽ ഫഹദ് (24), വാടാനപ്പള്ളി ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ നിഷാദ് (43) എന്നിവരാണ് പിടിയിലായത്. ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശി വടക്കുംഞ്ചേരി വിദേവിനാണ് (44) അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ജൂൺ 26-ന് വൈകീട്ട് പൊക്കുളങ്ങര ബീച്ചിലായിരുന്നു സംഭവം. വിചിത്രമായ ആസൂത്രണം, പിന്നാലെ ആക്രമണം. ബീച്ചിൽ നടക്കാനിറങ്ങിയ വിദേവിനോട്, താൻ കടലിൽ ചാടുന്നത് മൊബൈൽ ഫോണിൽ വീഡിയോ പകർത്തി നൽകണമെന്ന് പ്രതിയായ നിഷാദ് ആവശ്യപ്പെടുകയായിരുന്നു. വിദേവ് ഇത് വീഡിയോയിൽ പകർത്തിക്കൊണ്ടിരിക്കെ, മറ്റൊരു പ്രതിയായ ഫഹദ് എത്തി “ആളുകൾ കടലിൽ ചാടുന്നത് വീഡിയോ എടുക്കുകയാണോ” എന്ന് ചോദിച്ച് തർക്കമുണ്ടാക്കി. തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് വിദേവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിലുണ്ടായിരുന്ന നാലര പവന്റെ മാലയും ഏലസ്സും കവർന്ന് കടന്നുകളയുകയുമായിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളും മുൻപും വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണ സംഘത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദ്, കയ്പമംഗലം എസ്.എച്ച്.ഒ ബിജിത്ത് ടി., വാടാനപ്പള്ളി എസ്.ഐ വിഷ്ണു രാമചന്ദ്രൻ, എസ്.ഐ ഗോകുൽ, എ.എസ്.ഐ ഖാജാ ഹുസൈൻ, ജി.എ.എസ്.ഐ ബൈജു, ജി.എസ്.സി.പി.ഒ ഫിറോസ്, സി.പി.ഒമാരായ അഖിൽ, നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബീച്ചിൽ നടക്കാനിറങ്ങിയ ആളുടെ നാലര പവൻ മാല കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ




