മൂന്നു വർഷമായി കുടിശ്ശികയായ ഇ-ഗ്രാന്റുകൾ രണ്ടുമാസത്തിനകം; ജൂലൈ അവസാനം മെഗാ അദാലത്ത്: മന്ത്രി കെ.എ. തുളസി

ഇരിങ്ങാലക്കുട: പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതിനായി ജൂലൈ അവസാനത്തോടെ മെഗാ അദാലത്ത് സംഘടിപ്പിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ.എ. തുളസി അറിയിച്ചു.
മൂന്നു വർഷമായി കുടിശ്ശികയായി കിടക്കുന്ന വിദ്യാർഥികളുടെ ഇ-ഗ്രാന്റുകൾ രണ്ടുമാസത്തിനുള്ളിൽ വിതരണം പൂർത്തിയാക്കാൻ വകുപ്പ് കഠിന പരിശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിൽ തൃശൂർ ചലച്ചിത്ര കേന്ദ്രവും ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച “ഋതു പരിസ്ഥിതി ചലച്ചിത്രമേള”യുടെ ഭാഗമായി ഒരുക്കിയ “ഋതു മുറ്റം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദേശപഠനം ലക്ഷ്യമിടുന്ന എസ്.സി./എസ്.ടി. വിദ്യാർഥികൾക്കായി ₹25 ലക്ഷം വരെ സഹായം നൽകുന്ന ഉന്നതി സ്കോളർഷിപ്പ് പദ്ധതിയും സിവിൽ സർവീസ് പരിശീലനത്തിന് പോകുന്ന വിദ്യാർഥികളുടെ മുഴുവൻ ഫീസും സർക്കാർ ഏറ്റെടുക്കുന്ന പദ്ധതിയും നിലവിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, സമഗ്ര 2026 പദ്ധതിയുടെ ഭാഗമായി ₹100 കോടി രൂപയുടെ പലിശരഹിത വിദ്യാഭ്യാസ വായ്പയും വിതരണം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
സെന്റ് ജോസഫ്‌സ് കോളജിലെ തന്റെ പ്രീഡിഗ്രി പഠനകാലത്തെ ഓർമ്മകൾ പങ്കുവെച്ച മന്ത്രി, മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ക്യാംപസാണ് ഈ കോളജെന്നും അഭിപ്രായപ്പെട്ടു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ചരിത്രവിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ്, മുൻ വകുപ്പ് മേധാവി സിസ്റ്റർ രശ്മി, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അരുണിമ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *