ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് സർക്കാരുകളും സുരക്ഷാ സേനകളും സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ബലപ്രയോഗങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും സമരം ചെയ്യാനുള്ള കാരണം മനസ്സിലാക്കാനുമാണ് അധികാരികൾ ശ്രമിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. യുവാക്കൾ അക്രമത്തിലേക്ക് തിരിയാതിരിക്കാൻ ഭരണകൂടം അതീവ ജാഗ്രത പുലർത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും വിദ്യാർത്ഥി സമരങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായ മാർച്ചുകൾ നടക്കുമ്പോൾ സുരക്ഷാസേനകൾ സംയമനം പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യാനുള്ള ചുമതല ക്രമസമാധാന പാലന ഏജൻസികൾക്ക് വിട്ടുകൊടുക്കാമെന്ന് ബെഞ്ച് പറഞ്ഞു. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കാണ് കൂടുതൽ വ്യക്തതയുള്ളത് എന്നതിനാൽ ഏജൻസികളുടെ നടപടികളിൽ കോടതി വിശ്വാസം രേഖപ്പെടുത്തി. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ അധികാരികൾ സംയമനം പാലിക്കണം: സുപ്രീം കോടതി





