മണലിപ്പുഴയിൽ മുങ്ങിയ കാർ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്‌ക്കെത്തിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

​പുതുക്കാട്: മണലിപ്പുഴയിലെ മടവാക്കര കാച്ചക്കടവിൽ അപകടത്തിൽപ്പെട്ട് ഒഴുകിപ്പോയ കാർ മൂന്ന് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ കരയിലെത്തിച്ചു. പുതുക്കാട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്.
​കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയും ആലുവയിലെ സ്വകാര്യ കോളേജ് എൽ.എൽ.ബി വിദ്യാർത്ഥിയുമായ സിനാൻ സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞത്. വീട്ടിൽ നിന്ന് കോളേജിലേക്ക് പോകുംവഴിയായിരുന്നു അപകടം. കാർ പുഴയിൽ മുങ്ങിയെങ്കിലും സിനാൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
​പുഴയിൽ ജലനിരപ്പ് കുറഞ്ഞതോടെയാണ് അപകടസ്ഥലത്തുനിന്ന് 200 മീറ്റർ അകലെ കാർ കണ്ടെത്തിയത്. തുടർന്ന് റോപ്പ് കെട്ടി വലിക്കുന്നതിനിടെ കയർ പൊട്ടുകയും കാർ പാറയിൽ കുടുങ്ങുകയും ചെയ്തു. പിന്നീട് ഫയർഫോഴ്സും നാട്ടുകാരും പുഴയിലിറങ്ങി കാർ തള്ളിമാറ്റി വീണ്ടും ശക്തമായ റോപ്പ് കെട്ടിയാണ് കരയോട് അടുപ്പിച്ചത്. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *