ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ നാലാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയായി​

വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ നാലാം ദിവസത്തെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം യജ്ഞവേദിയിൽ ശ്രീമദ് ദേവീഭാഗവത പാരായണവും പ്രഭാഷണവും ആരംഭിച്ചു.​നാലാം ദിനത്തിൽ ദേവസ്‌തുതി മുതൽ ഭൃഗുവംശ സ്ഥിതി വരെയുള്ള ഭാഗങ്ങളാണ് പാരായണം ചെയ്തത്. തുടർന്ന് ശത്രുസംഹാരത്തിനായി ധൂമാവതി പൂജ, കുങ്കുമാഭിഷേകം, കടുംപായസ നിവേദ്യം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. ഭജന, പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികളും യജ്ഞത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. പെരുമ്പാവൂർ പട്ടിമറ്റം സി. ജെ. ആർ. പിള്ളയുടെ നേതൃത്വത്തിലാണ് യജ്ഞ പാരായണം നടക്കുന്നത്. നവാഹയജ്ഞ കമ്മിറ്റി പ്രസിഡന്റ് പി. ആർ. സുരേഷ് കുമാർ, സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി, ട്രഷറർ പി. വി. ഹരികൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.​യജ്ഞത്തിന്റെ അഞ്ചാം ദിവസമായ ബുധനാഴ്ച ഹൈഹയ ചരിതം മുതൽ ശുനഃശേപമോചനം വരെയുള്ള ഭാഗങ്ങളാണ് പാരായണം ചെയ്യുന്നത്. കൂടാതെ കർക്കിടക വാവിനോടനുബന്ധിച്ച് പതൃതർപ്പണത്തിനും മരിച്ചുപോയവരുടെ ഓർമ്മയ്ക്കുമായി പ്രത്യേക തിലഹവന പൂജയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾ കുടുംബസമേതം ഈ പൂജകളിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *