E-20 ടൗൺ ഹാൾ ജനകീയ വേദി സംഘടിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി.

​E-20 പെട്രോൾ ഹരിതപരിവർത്തനം ജനങ്ങൾക്ക് ഭാരമാകരുത്; സുതാര്യമായ ഇന്ധനനയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ ആം ആദ്മി പാർട്ടി കൊച്ചിയിൽ ജനകീയ വേദി
സംഘടിപ്പിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന E-20 (20% ഈതനോൾ കലർത്തിയ) പെട്രോൾ നയം സാധാരണക്കാരായ വാഹന ഉടമകളിൽ കനത്ത സാമ്പത്തിക ഭാരവും ആശങ്കയും സൃഷ്ടിക്കുന്നതായി ആം ആദ്മി പാർട്ടി ആരോപിച്ചു.
പരിസ്ഥിതി സംരക്ഷണവും വിദേശനാണ്യ ശേഖരണവും പ്രധാനമാണെങ്കിലും, അതിന്റെ പൂർണ്ണമായ ചെലവും പ്രത്യാഘാതങ്ങളും ഉപഭോക്താക്കളുടെ ചുമലിൽ അടിച്ചേൽപ്പിക്കുന്നത് ന്യായമല്ലെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൻ പ്രസ്താവിച്ചു
.
​ഇന്ധനനയത്തിലെ സുതാര്യതക്കുറവിനും സാങ്കേതിക പ്രശ്നങ്ങൾക്കും എതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന്
AAP വർക്കിങ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് പറഞ്ഞു.

​2023-ന് മുൻപ് നിർമ്മിച്ച ഭൂരിഭാഗം ഇരുചക്ര-നാലുചക്ര വാഹനങ്ങളും E-20 ഇന്ധനത്തിന് അനുയോജ്യമല്ല. എൻജിൻ ഭാഗങ്ങൾ, ഫ്യുവൽ പൈപ്പുകൾ, റബ്ബർ ഗാസ്കറ്റുകൾ എന്നിവ വേഗത്തിൽ ദ്രവിക്കുന്നത് വാഹന ഉടമകൾക്ക് വലിയ അറ്റകുറ്റപ്പണി ചെലവുണ്ടാക്കുന്നു.

ഈതനോളിന് ഊർജസാന്ദ്രത (Energy Density) കുറവായതിനാൽ ഒരേ ദൂരം സഞ്ചരിക്കാൻ കൂടുതൽ ഇന്ധനം വേണ്ടിവരുന്നു. ഇത് മൈലേജിൽ 6% മുതൽ 10% വരെ കുറവുവരുത്തുന്നു.

എന്നാൽ ഈതനോൾ ഉൽപ്പാദനച്ചെലവ് പെട്രോളിനേക്കാൾ കുറവായിരുന്നിട്ടും അതിന്റെ സാമ്പത്തിക ലാഭം ഉപഭോക്താവിന് കൈമാറുന്നില്ല. സാധാരണ പെട്രോളിന്റെ അതേ വില തന്നെയാണ് E-20-പെട്രോളിനും ഈടാക്കുന്നത്.

ഇ-20 അല്ലാത്ത സാധാരണ പെട്രോൾ പമ്പുകളിൽ ലഭ്യമാക്കാനുള്ള അവസരം പൂർണ്ണമായും ഇല്ലാതാക്കിയത് ഉപഭോക്താവിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആം ആദ്മി പാർട്ടി (AAP) ജനറൽ സെക്രട്ടറി അലി സുരാജ് ഓർമിപ്പിച്ചു.

​ ഈതനോൾ ഉൽപ്പാദനത്തിനായി കാർഷിക വിഭവങ്ങൾ വ്യാപകമായി തിരിച്ചുവിടുന്നത് ഭാവിയിൽ ഭക്ഷ്യസുരക്ഷയെയും ജലവിഭവങ്ങളെയും ബാധിക്കുമോ എന്ന ചോദ്യത്തിന് ശാസ്ത്രീയമായ മറുപടി ലഭിക്കേണ്ടതുണ്ട്.

​പഴയ വാഹന ഉടമകൾക്കായി ഇ-20 അല്ലാത്ത സാധാരണ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവസരം പമ്പുകളിൽ ഉറപ്പാക്കുക.
​മതിയായ മാറ്റ സമയം അനുവദിച്ച് വിവരങ്ങൾ വ്യക്തമാക്കുക: പുതിയ വാഹനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് സാവകാശം നൽകുകയും, വാഹനങ്ങളുടെ E-20 അനുയോജ്യതയെക്കുറിച്ച് നിർമ്മാതാക്കളും എണ്ണക്കമ്പനികളും സുതാര്യമായ വിവരങ്ങൾ നൽകുകയും ചെയ്യുക.
വിവിധ മോഡൽ വാഹനങ്ങളിൽ E-20 ഉണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ ശാസ്ത്രീയ സമിതിയെ നിയോഗിക്കുക എന്നിവയാണ് ജനകീയ വേദിയുടെ പ്രധാന ആവശ്യങ്ങൾ.

ലഘുലേഖ വിതരണം, പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം, സിഗ്നൽ കാമ്പയിനുകൾ എന്നിവയിലൂടെ സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെയും ടാക്സി ഡ്രൈവർമാരെയും അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.

​”പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്; എന്നാൽ ജനങ്ങളെ ദുരിതത്തിലാക്കിയുള്ള മാറ്റമല്ല, അവരെ ഉൾക്കൊണ്ടുകൊണ്ടുള്ള സുതാര്യമായ ഹരിതപരിവർത്തനമാണ് രാജ്യത്തിന് ആവശ്യമെന്നും ആം ആദ്മി ഭാരവാഹികൾ ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *