നിർബന്ധിത E20 നയം പിൻവലിക്കണംകൊച്ചിയിൽ ആം ആദ്മി പാർട്ടി ടൗൺഹാൾ സമ്മേളനം

കൊച്ചി: കേന്ദ്ര സർക്കാരിന്റെ നിർബന്ധിത E20 പെട്രോൾ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ E20 ടൗൺഹാൾ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ E20 നയം മൂലം ഉപഭോക്താക്കൾക്കും വാഹന ഉടമകൾക്കും തൊഴിലാളികൾക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ ചർച്ച ചെയ്തു.
E20 നയം ഏതാനും കോർപറേറ്റ് താൽപര്യങ്ങൾക്ക് ഗുണം ചെയ്യുന്നതാണെന്നായിരുന്നു സമ്മേളനത്തിലെ പ്രധാന ആരോപണം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മക്കളുടെ കമ്പനികൾക്ക് നയത്തിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്നുവെന്ന ആരോപണവും സമ്മേളനത്തിൽ ഉയർന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് സ്വതന്ത്രമായ സ്ഥിരീകരണം ആവശ്യമാണ്.
എഥനോൾ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതായും സമ്മേളനത്തിൽ ആരോപണമുയർന്നു. E20 നയത്തിന്റെ സാമ്പത്തികവും സാങ്കേതികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും പ്രഭാഷകർ ആവശ്യപ്പെട്ടു.
ടൂവീലർ വർക്ക്‌ഷോപ്പ് ഉടമകളും മെക്കാനിക്കുകളും സമ്മേളനത്തിൽ പങ്കെടുത്തു. E20 ഇന്ധനം ഉപയോഗിക്കുന്നതിനെ തുടർന്ന് വാഹനങ്ങളുടെ കാർബറേറ്റർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്നുവെന്ന് തങ്ങൾ നേരിടുന്ന പരാതികൾ അവർ വിശദീകരിച്ചു. എഥനോളിന് ജലം ആഗിരണം ചെയ്യാനുള്ള സ്വഭാവമുള്ളതിനാൽ എൻജിൻ സംബന്ധമായ തകരാറുകൾ വേഗത്തിൽ ഉണ്ടാകുന്നുവെന്നും വാഹനങ്ങൾക്ക് തീപ്പിടുത്തം കൂടുതലാണെന്നും അവർ പറഞ്ഞു.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഉടൻതന്നെ ഉപഭോക്താക്കൾ വീണ്ടും പരാതികളുമായി എത്തുന്നത് വലിയ മാനസിക സമ്മർദമുണ്ടാക്കുന്നതായും വർക്ക്‌ഷോപ്പ് തൊഴിലാളികൾ പറഞ്ഞു. ജോലി പൂർത്തിയാക്കിയിട്ടും ഉപഭോക്താക്കളുടെ അസംതൃപ്തി നേരിടേണ്ടിവരുന്നത് തൊഴിൽ മേഖലയിലെ വലിയ വെല്ലുവിളിയാണെന്നും അവർ ചൂണ്ടിക്കാട്ടി. E20 ഇന്ധനവുമായി ബന്ധപ്പെട്ട് തങ്ങൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകളും അലർജി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും തൊഴിലാളികൾ സമ്മേളനത്തിൽ പങ്കുവച്ചു.
ഒരു ലിറ്റർ പെട്രോളിന് ഏകദേശം 40 ശതമാനം വരെ നികുതി ഈടാക്കുന്ന സാഹചര്യത്തിൽ ഇന്ധനവില ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നുവെന്ന് മെക്കാനിക്കൽ എൻജിനീയർ ഫൈസൽ എ. പറഞ്ഞു. E20 നയത്തിന്റെ ഭാഗമായി വാഹനങ്ങളുടെ പരിപാലനച്ചെലവും അറ്റകുറ്റപ്പണി ചെലവും വർധിക്കുന്ന സാഹചര്യം സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
E20 ഇന്ധനത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ സമഗ്രമായ പഠനം നടത്തണമെന്നും വാഹന ഉടമകൾക്കും തൊഴിലാളികൾക്കും വ്യക്തമായ മാർഗനിർദേശങ്ങളും സംരക്ഷണവും ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഷൈബു മഠത്തിൽ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ സംസാരിച്ചു. നിർബന്ധിത E20 നയത്തിനെതിരെ ജനകീയ പ്രചാരണം ശക്തമാക്കാനും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താനും സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അലി സുരാജ് സ്വാഗതം പറഞ്ഞു. ഡോ. സെലിൻ ഫിലിപ്പ്, ഷക്കീർ അലി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *