കാർമൽ സ്കൂളിൽ ഏഴാമത് രക്തദാന ക്യാമ്പ്ബോധവൽക്കരണവുമായി എൻ.എസ്.എസ് വളണ്ടിയർമാർ

ചാലക്കുടി: കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ഐ.എം.എ, എച്ച്.ഡി.എഫ്.സി ബാങ്ക്, കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്.
കൗൺസിലർ ബിന്ദു ശശികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ചാലക്കുടി ക്ലസ്റ്റർ കൺവീനർ കെ.ആർ. ദേവദാസ് മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ബെന്നി പേങ്ങിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തൃശൂർ ഐ.എം.എ പ്രതിനിധി ഡോ. രാധാകൃഷ്ണൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജോസ് പി.ഒ. എന്നിവർ പ്രസംഗിച്ചു.
തുടർന്ന് തൃശൂർ ഐ.എം.എയുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽ എൻ.എസ്.എസ്. ചാലക്കുടി ക്ലസ്റ്റർ കൺവീനർ കെ.ആർ. ദേവദാസ് ആദ്യ രക്തദാനം നിർവഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ക്യാമ്പിൽ സജീവമായി പങ്കാളികളായി.
ക്യാമ്പിന്റെ ഭാഗമായി എൻ.എസ്.എസ്. വളണ്ടിയർമാർ രണ്ടാഴ്ചയോളം വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. രക്തദാന ബോധവൽക്കരണം, പോസ്റ്റർ നിർമ്മാണം, രക്തദാന പ്രതിജ്ഞ, രക്തദാതാക്കളെ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് ക്യാമ്പിന് മുന്നോടിയായി ജനങ്ങളിൽ അവബോധം സൃഷ്ടിച്ചത്.
എൻ.എസ്.എസ്. കോർഡിനേറ്റർമാരായ സിന്നി ഷാജു, ജിൻഷ സി.ജെ., എൻ.എസ്.എസ്. ലീഡർമാരായ ജോഷെൽ ലിജോ, ഐശ്വര്യ സോണി, എയ്ഞ്ചൽ ബിജു, ചെരടായി ആഡംസ് ജോജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *