ചാലക്കുടി: അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുനിത്തടം ഭാഗത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ മുനിത്തടം അമ്പലത്തിന് സമീപമാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഓഗസ്റ്റ് 30-നാണ് മുനിത്തടം ഭാഗത്ത് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് 31-ന് അഭയാരണ്യം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി. ബാബു ഉൾപ്പെടുന്ന വിദഗ്ധ വെറ്ററിനറി സംഘത്തെ സ്ഥലത്തെത്തി പരിശോധനയ്ക്കായി നിയോഗിച്ചു.
വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ മറ്റ് കാട്ടാനകളുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ഉണ്ടായ ആഴത്തിലുള്ള മുറിവുകളാണ് ആനയ്ക്ക് പരിക്കേൽക്കാൻ കാരണമെന്ന് സ്ഥിരീകരിച്ചു.
ആനയെ നിരീക്ഷിക്കുന്നതിനായി ഫോറസ്റ്റ് ഫീൽഡ് ജീവനക്കാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ച് നിരന്തരം നിരീക്ഷണം നടത്തിവരികയായിരുന്നു. സെപ്റ്റംബർ 3-ന് ഡോ. ബിനോയ് സി. ബാബു നേരിട്ടെത്തി ആനയെ പരിശോധിക്കുകയും തുടർചികിത്സ നിർദേശിക്കുകയും ചെയ്തു.
ഡോക്ടറുടെ നിർദേശപ്രകാരം പൈനാപ്പിളിൽ മരുന്നുകൾ വെച്ചുനൽകുകയും മുറിവുകളിൽ മരുന്ന് സ്പ്രേ ചെയ്യുകയും ഉൾപ്പെടെയുള്ള പരിചരണങ്ങൾ നൽകി ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകാതെ ആന ഒടുവിൽ ചരിയുകയായിരുന്നു.
വന്യജീവി മരണനിരീക്ഷണ/ഓഡിറ്റിംഗ് ചട്ടക്കൂട് പ്രകാരം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരികയാണ്.
ന്യൂസ് ഡെസ്ക് കേരളടൈംസ്





