ചിറ്റൂരിന്റെ പ്രിയനേതാവായിരുന്നു കെ.അച്യുതൻ. ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് സ്വയം അടയാളപ്പെടുത്തിയ നേതാവ്. നാടിന്റെ വികസന കാഴ്ചപ്പാടുകൾക്ക് കൃത്യമായ ദിശാബോധം നൽകാനും ചിറ്റൂരിന്റെ മുഖച്ഛായ മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.
പദവികളേക്കാൾ ജനങ്ങളുടെ സ്നേഹത്തിന് പ്രാധാന്യം നൽകിയ നേതാവായിരുന്നു അച്യുതൻ.
2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭ രൂപീകരിച്ച സമയത്ത് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും, ആ പദവി സ്നേഹപൂർവ്വം നിരസിച്ച് എം.എ.എയായി മാത്രം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തുടർച്ചയായി നാല് തവണ ചിറ്റൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം എപ്പോഴും സാധാരണക്കാരുടെയും കർഷകരുടെയും കാർഷിക മേഖലയുടെയും ശബ്ദമായി മാറി. 15 വർഷം അച്യുതേട്ടനൊപ്പം നിയമസഭയിൽ പ്രവർത്തിക്കാൻ എനിക്കും സാധിച്ചു.
പാലക്കാട് ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിലും ചിറ്റൂരിലെ സഹകരണ മേഖലയ്ക്ക് കരുത്തുറ്റ അടിത്തറ പാകുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. അച്യുതന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.
ന്യൂസ് ഡെസ്ക് കേരളടൈംസ്





