ഷോക്കേറ്റ് നിലത്ത് വീണ തൊഴിലാളിയുടെ ദുരിതത്തിന് 11 വർഷം കാലുകൾ തളർന്ന് കിടപ്പിലായ സുധാകരന് ഇന്നും കാത്തിരിപ്പ്; ആശ്വാസമായി കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പിന്റെ കൈത്താങ്ങ്

കോടശേരി: ഒരു നിമിഷത്തെ അപകടം… പിന്നെ ജീവിതം മുഴുവൻ കിടക്കയിൽ. വൈദ്യുതാഘാതമേറ്റ് കാലുകൾ തളർന്ന് പതിനൊന്ന് വർഷമായി കിടപ്പിലായ കല്ല്മട സുധാകരന്റെ ജീവിതം ദുരിതത്തിന്റെ നേർക്കാഴ്ചയാണ്.
കോടശേരി പഞ്ചായത്തിലെ വീരൻചിറയിൽ താമസിക്കുന്ന സുധാകരൻ പതിനൊന്ന് വർഷം മുമ്പ് പതിവുപോലെ കൂലിപ്പണിക്ക് പോയതായിരുന്നു. ജോലി ചെയ്യുന്നതിനിടെ മരക്കൊമ്പ് വെട്ടുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. മുറിഞ്ഞുവീണ മരക്കൊമ്പ് വൈദ്യുതി കമ്പിയിൽ തട്ടുകയും വൈദ്യുതാഘാതമേറ്റ് സുധാകരൻ നിലത്ത് വീഴുകയുമായിരുന്നു.
അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു. അന്നുമുതൽ സുധാകരന്റെ ജീവിതം കിടക്കയിൽ ഒതുങ്ങി. മലമൂത്ര വിസർജനം പോലും കിടക്കയിൽ തന്നെ നിർവഹിക്കേണ്ട അവസ്ഥ. പതിനൊന്ന് വർഷമായി ഈ ദുരിതജീവിതം തുടരുകയാണ്.
സർക്കാർ സഹായധനത്തിനായി പലതവണ അപേക്ഷ നൽകിയെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. സുധാകരൻ കിടപ്പിലായതോടെ ഭാര്യ വിജയകുമാരിക്കും ജോലിക്ക് പോകാൻ കഴിയാതായി. മകന്റെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ ദൈനംദിന ചെലവുകളും മരുന്നിനുള്ള പണവും കണ്ടെത്തുന്നത്.
ഈ സാഹചര്യത്തിലാണ് കോടശേരിയിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിക്കുന്ന കാരുണ്യ സോഷ്യൽ വർക്കിങ് ഗ്രൂപ്പ് സുധാകരന്റെ വീട്ടിലെത്തിയത്. കിടപ്പുരോഗികളുടെ വീടുകൾ മാസംതോറും സന്ദർശിച്ച് അവരുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കുകയും കഴിയുന്ന സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് സംഘം സുധാകരന്റെ വീട്ടിലെത്തിയത്.
സംഘത്തിന്റെ രക്ഷാധികാരി കൂടിയായ ഡോ. കട്ടക്കയം സുധാകരനെ പരിശോധിക്കുകയും കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് സഹായധനം കൈമാറി.
പ്രസിഡന്റ് കെ.എം. ജോസ്, വൈസ് പ്രസിഡന്റ് വർഗീസ് പൊറായി, ട്രഷറർ ഓമന ജോസ്, റാണി ജോഷി, മെഴ്സി പോളി എന്നിവരും ഡോക്ടറോടൊപ്പം ഭവനസന്ദർശനത്തിൽ പങ്കെടുത്തു.
അതേസമയം, ചികിത്സാ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് സുധാകരനും ഭാര്യ വിജയകുമാരിയും.
പതിനൊന്ന് വർഷമായി കിടക്കയിൽ കഴിയുന്ന സുധാകരന്റെ ജീവിതത്തിലേക്ക് സർക്കാർ സഹായത്തിന്റെ കരുതൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ന്യൂസ് ഡെസ്ക് കേരള ടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *