കുഞ്ഞു വാർത്താ അവതാരകരുടെ വാർഷിക സംഗമം സെപ്റ്റംബർ 12ന്

ചാലക്കുടി: പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന ഓൺലൈൻ വാർത്താ അവതരണ പരിപാടിയായ ‘ഇന്നത്തെ പ്രധാന വാർത്തകൾ’ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി കുഞ്ഞു വാർത്താ അവതാരകരുടെയും രക്ഷിതാക്കളുടെയും വാർഷിക സംഗമം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10ന് ലൈബ്രറി ഹാളിൽ നടക്കും.
ചാലക്കുടി എം.എൽ.എ സനീഷ്‌കുമാർ ജോസഫ് സംഗമം ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ അധ്യക്ഷത വഹിക്കും. ദൂരദർശൻ മുൻ വാർത്താ അവതാരകൻ ആർ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
സി.എം. കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ അനൗഷ്ക എസ്. ജാനകിയെ ചടങ്ങിൽ ആദരിക്കും.
ഒരു വർഷമായി തുടരുന്ന ‘ഇന്നത്തെ പ്രധാന വാർത്തകൾ’ കുട്ടികൾക്ക് വാർത്തകൾ അവതരിപ്പിക്കുന്നതിനൊപ്പം പൊതുവിജ്ഞാനം, വായനാശീലം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനുള്ള വേദിയായും മാറിയിട്ടുണ്ട്.
ചാലക്കുടി നഗരസഭയ്ക്ക് പുറമെ കൊരട്ടി, മേലൂർ, കൊടകര, മുരിയാട്, മാള പഞ്ചായത്തുകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും വാർഷിക സംഗമത്തിൽ പങ്കെടുക്കും.
കുട്ടികളുടെ വാർത്താ അവതരണ മികവിനെയും അവരുടെ ഒരു വർഷത്തെ കൂട്ടായ പ്രവർത്തനത്തെയും ആഘോഷിക്കുന്നതിനൊപ്പം, തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യവും സംഗമത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *