ചാലക്കുടി: നഗരത്തിലെ അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നഗരസഭയുടെ 20 സെന്റ് ഭൂമി സൗജന്യമായി അനുവദിക്കാൻ പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിൽ സൗത്ത് ജംഗ്ഷനിലെ നഗരസഭയുടെ കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിലാണ് അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത്.
40-ലധികം ജീവനക്കാരുള്ള അഗ്നിരക്ഷാ നിലയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ കെട്ടിടത്തിനായി ഭൂമി അനുവദിക്കാൻ തീരുമാനിച്ചത്. നേരത്തേ വിവിധ സ്ഥലങ്ങൾ പരിഗണിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിരുന്നില്ല.
നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയം കോമ്പൗണ്ടിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള 20 സെന്റ് സ്ഥലമാണ് ഇപ്പോൾ അനുവദിക്കുന്നത്. ഇവിടേക്ക് അഞ്ച് മീറ്റർ വീതിയിൽ റോഡ് സൗകര്യവും ഒരുക്കും. ഭൂമി അളന്ന് തിട്ടപ്പെടുത്തി ബന്ധപ്പെട്ട വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.
ട്രാംവെ റോഡ് മാതൃകാ റോഡാക്കും
ദേശീയപാതയിലെ അണ്ടർപാസ് മുതൽ ബ്രൈറ്റ് സ്റ്റാർ ക്ലബ് വരെയുള്ള ട്രാംവെ റോഡ് നവീകരിച്ച് മാതൃകാ റോഡാക്കാനും കൗൺസിൽ തീരുമാനിച്ചു. കൗൺസിലർമാരായ ഒ.എസ്. ചന്ദ്രൻ,
റെയ്സൻ ആലുക്ക, വിൽസൻ പാണാട്ടുപറമ്പിൽ, നിത അജീഷ് എന്നിവർ അവതരിപ്പിച്ച പ്രമേയം ചർച്ച ചെയ്താണ് തീരുമാനം.
ചാലക്കുടിയിലെ ഏറ്റവും തിരക്കേറിയതും വികസിച്ചു വരുന്നതുമായ ഈ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ റോഡ് വികസനം ഗതാഗതം സുഗമമാക്കാൻ സഹായിക്കുമെന്ന് കൗൺസിൽ വിലയിരുത്തി. പദ്ധതിക്കാവശ്യമായ വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി വിവിധ തലങ്ങളിൽനിന്ന് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ടൗൺഹാൾ പരിസരത്തെ ഭൂമി: നിയമോപദേശം തേടും
ടൗൺഹാളിനോട് ചേർന്ന് പാർക്കിംഗിനായി നഗരസഭ ഏറ്റെടുത്ത ഭൂമിക്ക് അധികവില നൽകണമെന്ന ഹൈക്കോടതി വിധി സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് നിയമോപദേശം തേടാനും കൗൺസിൽ തീരുമാനിച്ചു.
നേരത്തേ സെന്റിന് രണ്ട് ലക്ഷം രൂപ നിരക്കിൽ നഗരസഭ ഏറ്റെടുത്ത ഭൂമിക്ക് സബ് കോടതി സെന്റിന് എട്ട് ലക്ഷം രൂപയായി നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നു. ഇതിനെതിരെ നഗരസഭ നൽകിയ കേസിൽ ഹൈക്കോടതി തുക സെന്റിന് ആറ് ലക്ഷം രൂപയായി കുറച്ചിരുന്നു.
മൂഞ്ഞേലിയിൽ അംഗൻവാടി
മൂഞ്ഞേലി 27-ാം വാർഡിൽ പുതിയ അംഗൻവാടി പ്രവർത്തനം ആരംഭിക്കുന്നതിനായി കെട്ടിടം പ്രതിമാസം 10,000 രൂപ വാടകയ്ക്ക് എടുക്കാനും കൗൺസിൽ തീരുമാനിച്ചു.
32-ാം വാർഡിൽ വെള്ളക്കെട്ടിന് പരിഹാരം
32-ാം വാർഡിൽ എസ്.എച്ച്. കോളേജിന് എതിർവശത്തെ ഷാറോഡിന് സമീപം തുടർച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ 10 ലക്ഷം രൂപ ചെലവിൽ കാന നിർമ്മിക്കും.
ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനം വിപുലീകരിക്കും
ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളിനോട് ചേർന്നുള്ള മൈതാനം വിപുലീകരിച്ച് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും കൗൺസിൽ തീരുമാനിച്ചു. എം.എൽ.എയുടെയും നഗരസഭ ചെയർപേഴ്സന്റെയും നേതൃത്വത്തിൽ സ്കൂൾ അധികൃതരുമായി നടത്തിയ യോഗത്തിലെ നിർദേശങ്ങൾ ചർച്ച ചെയ്താണ് തീരുമാനം.
ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങളും വാട്ടർ ടാങ്കും പൊളിച്ചുനീക്കും. മൈതാനത്തിന്റെ മധ്യഭാഗത്തുള്ള മരങ്ങൾ നീക്കം ചെയ്യും. സ്കൂളിന്റെ പ്രധാന പ്രവേശന കവാടം ഗ്രൗണ്ടിനോട് ചേർന്ന് കിഴക്കുഭാഗത്തേക്ക് മാറ്റും.
ടി.ടി.ഐക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയ ശേഷം നിലവിലുള്ള പഴയ കെട്ടിടവും എൽ.പി. സ്കൂളിന്റെ പഴയ കെട്ടിടവും പൊളിച്ചുനീക്കും. ദേശീയപാതയോട് ചേർന്നുള്ള നിലവിലെ മൈതാനത്തോടൊപ്പം സ്കൂളിനോട് ചേർന്നുള്ള സ്ഥലം കൂടി ഉൾപ്പെടുത്തി ഒരേ നിരപ്പിൽ വിശാലമായ മൈതാനം ഒരുക്കാനാണ് തീരുമാനം.
പോട്ട പ്ലാന്റിലെ മാലിന്യസംസ്കരണം മെച്ചപ്പെടുത്തും
പോട്ട ഖരമാലിന്യ പ്ലാന്റിലെ മാലിന്യസംസ്കരണം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം കൂടുതൽ മെച്ചപ്പെടുത്താനും കൗൺസിൽ തീരുമാനിച്ചു. ഐ.ആർ.ടി.സി.യുടെ നേതൃത്വത്തിൽ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും.
പ്ലാന്റിൽ ദിവസേന ബന്ധപ്പെട്ട ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും മേൽനോട്ടവും ഉറപ്പാക്കുമെന്ന് വാർഡ് കൗൺസിലർ നിധിൻ പുല്ലന്റെ ചോദ്യത്തിന് ചെയർപേഴ്സൺ മറുപടി നൽകി.
ഉണക്കമീൻ വ്യാപാരത്തിന് ലൈസൻസ്: വിശദീകരണം തേടും
മാർക്കറ്റ് കെട്ടിടത്തിലെ കടമുറിയിൽ ഉണക്കമീൻ വ്യാപാരം നടത്താൻ ലൈസൻസ് അനുവദിച്ച നടപടി സംബന്ധിച്ച് ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടാനും കൗൺസിൽ തീരുമാനിച്ചു. ഇതുസംബന്ധിച്ച കേസിൽ നിയമോപദേശം തേടി തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തെരുവ് കച്ചവടക്കാർ അനുവദനീയമായ 25 ചതുരശ്ര അടിയിൽ കൂടുതൽ സ്ഥലം വ്യാപാരത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ചട്ടപ്രകാരം നടപടി സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.
ചാലക്കുടി ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരിച്ച് വിസ്തൃതി കൂട്ടുന്നു.ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് തീരുമാനം എടുത്തത്.ഇന്ത്യൻ ഫുഡ്ബോൾ ടീമിനെ നയിച്ച പി.വി.രാമകൃഷ്ണനും,ഫുഡ്ബോൾ കോച്ച് ടി.കെ.ചാത്തുണ്ണിയും,എം. ഒ.ജോസും ചാലക്കുടിയിൽ നിന്നും നിരവധി സന്തോഷ് ട്രോഫി താരങ്ങളും
ഈ മൈതാനത്താണ് കളിച്ച് വളർന്നത്.മഹാത്മ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഈ മൈതാനത്ത് മഹാസമ്മേളനവും നടത്ന്നിട്ടുണ്ട്.നിരവധി ഫുട്ബോൾ, വോളിബാൾ മത്സരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. മഹാകവി ജി.ശങ്കരകുറുപ്പ് ഇതേ വിദ്യാലയത്തിലെ അദ്ധ്യപകനായിരുന്നു.
പഴയ കെട്ടിടങ്ങൾ പൊളിച്ച് ഗ്രൗണ്ട് വലുതാക്കാനും അനുബന്ധ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനുമാണ് കൌൺസിൽ തീരുമാനം.
ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





