കോന്നി: പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ പേരിൽ നിലവിലുള്ള കൃഷി, സാധാരണ വീടുകളുടെ അറ്റകുറ്റപ്പണികൾ, ദൈനംദിന ജീവിതം എന്നിവ പൂർണ്ണമായി തടസ്സപ്പെടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു.
കർഷകർക്ക് കാർഷിക വിളകൾ വിളവെടുക്കുന്നതിനും വിൽക്കുന്നതിനും ചെറിയ ഡയറി ഫാമുകളും കോഴിഫാമുകളും ആരംഭിക്കുന്നതിനും നിലവിലുള്ള വീടുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കിണർ കുഴിക്കുന്നതിനും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനും വേലി, മതിൽ എന്നിവ നിർമ്മിക്കുന്നതിനും നിയമപരമായി തടസ്സമില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനും തീറുവാങ്ങൽ, വിൽപ്പന, പണയംവയ്ക്കൽ തുടങ്ങിയ ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ നടത്തുന്നതിനും നിയന്ത്രണമില്ലെന്നും സമിതി വ്യക്തമാക്കി.
റോഡുകളുടെ ടാറിംഗ്, അറ്റകുറ്റപ്പണികൾ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, വൈദ്യുതി, ഇന്റർനെറ്റ് ലൈനുകൾ സ്ഥാപിക്കൽ തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങൾ വഴി തുടർന്നും നടത്താൻ കഴിയുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കൃത്യമായ ഗ്രൗണ്ട് സർവേയിലൂടെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതിനൊപ്പം, കയ്യേറിയ റവന്യൂ-വനഭൂമി തിരിച്ചുപിടിക്കുന്നതിനും നടപടി വേണമെന്ന് സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഏതെല്ലാം പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്, ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് നിയന്ത്രണമുള്ളത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ബോധവൽക്കരണം അടിയന്തരമായി നടത്താൻ റവന്യൂ, വനം വകുപ്പ് അധികൃതർ രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണകുമാർ, അഞ്ജിത എസ്., കെ.എസ്. ദിലീപൻ, അനിൽകുമാർ എ., ബിനു, പി. വിനോദ് എന്നിവർ പ്രസംഗിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.




