ചാലക്കുടി: 1964-ലെ ലാൻഡ് അസൈൻമെന്റ് റൂൾ കാലോചിതമായി ഭേദഗതി ചെയ്ത് കോടശേരി എൽ.എ. പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തി പരിപാലിക്കുന്ന തേക്ക്, ഈട്ടി, മഹാഗണി, എലവ്, മരുത് തുടങ്ങിയ മരങ്ങൾ മുറിക്കുന്നതിനുള്ള വനംവകുപ്പിന്റെ വിലക്ക് ഉടൻ പിൻവലിക്കണമെന്ന് കോടശേരി കാരുണ്യ സോഷ്യൽ വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ദീർഘകാലമായി കർഷകർ ഉന്നയിച്ചുവരുന്ന ആവശ്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം, ചികിത്സ, ഉപജീവനം തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വന്തം ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ച് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ചെറുകിട കർഷകരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
62 വർഷം മുമ്പ് നിലവിൽ വന്ന നിയമം ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് ചെറുകിട കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. കർഷകർ നട്ടുവളർത്തി പരിപാലിക്കുന്ന മരങ്ങളുടെ ഉടമസ്ഥാവകാശവും അവ ഉപയോഗിക്കാനുള്ള അവകാശവും ഉറപ്പാക്കുന്ന തരത്തിൽ നിയമഭേദഗതി കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫിനും സംഘടനയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
യോഗത്തിൽ പ്രസിഡന്റ് കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. ജോയ് കട്ടക്കയം, വർഗീസ് പൊറായി, ഓമന ജോസ് എന്നിവർ പ്രസംഗിച്ചു.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്.



