13,626 കക്കകൾ കൊണ്ട് അതിഗംഭീര ഫോട്ടോ ഫ്രെയിംകൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് CMLന്റെ വേറിട്ട കലാസംരംഭം

കൊരട്ടി: കൊരട്ടി മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് വിശ്വാസത്തിന്റെയും സർഗാത്മകതയുടെയും കൂട്ടായ്മയുടെയും സന്ദേശവുമായി കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) പ്രവർത്തകർ ഒരുക്കിയ കക്കകളുടെ ഫോട്ടോ ഫ്രെയിം ശ്രദ്ധേയമാകുന്നു.
12 അടി ഉയരമുള്ള ഫോട്ടോ ഫ്രെയിം നിർമ്മിക്കാൻ 13,626 കക്കകളാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടുനിന്ന കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ഈ വേറിട്ട കലാസൃഷ്ടി പൂർത്തിയായത്. ഏകദേശം 30,000 രൂപയാണ് നിർമ്മാണച്ചെലവ്.
മാഞ്ഞാലി പുഴയിൽ നിന്ന് CML ഭാരവാഹികളും പ്രവർത്തകരും ശേഖരിച്ച കക്കകൾ വൃത്തിയാക്കി, എണ്ണിയെണ്ണി ഫ്ലക്സിൽ ഒട്ടിക്കുകയും വിവിധ നിറങ്ങൾ നൽകി കലാപരമായി ക്രമീകരിക്കുകയും ചെയ്താണ് ഫ്രെയിം ഒരുക്കിയത്. രാവും പകലും ഒരുമിച്ച് പ്രവർത്തിച്ച കുട്ടികളുടെയും ഭാരവാഹികളുടെയും കൂട്ടായ പരിശ്രമമാണ് ഇതിന്റെ പിന്നിൽ.
വിശ്വാസത്തോടൊപ്പം സർഗാത്മകതയും കൂട്ടായ പ്രവർത്തനശേഷിയും വളർത്തുക എന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ ആശയത്തിന് കൂടുതൽ അർഥം നൽകുന്നതാണ് ഈ സംരംഭം. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളെ പാഴാക്കാതെ കലാസൃഷ്ടിക്കായി പ്രയോജനപ്പെടുത്തിയതിലൂടെ പരിസ്ഥിതി സൗഹൃദ ചിന്തയും പുനരുപയോഗത്തിന്റെ സന്ദേശവും ഈ സംരംഭം മുന്നോട്ടുവയ്ക്കുന്നു.
തിരുനാൾ ആഘോഷങ്ങളെ വെറും ആഘോഷപരിപാടികളായി കാണാതെ, കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും വളർത്താനും കൂട്ടായ്മയും ഉത്തരവാദിത്വബോധവും സേവനമനോഭാവവും വളർത്താനുമുള്ള വേദിയാക്കി മാറ്റുക എന്ന CMLന്റെ പ്രവർത്തനശൈലിയുടെ ഭാഗമായാണ് ഈ സംരംഭവും ഒരുക്കിയത്.
സംഘടനയുടെ പ്രസിഡന്റ് നോബിൾ ജോയും ജോയിന്റ് സെക്രട്ടറി ടിന്റോ തോമസും മുന്നോട്ടുവച്ച ആശയമാണ് ഇന്ന് ശ്രദ്ധേയമായ ഈ രൂപത്തിൽ യാഥാർഥ്യമായത്. ആശയം മുതൽ നിർമ്മാണം വരെ നിരവധി പ്രവർത്തകരുടെ പങ്കാളിത്തമാണ് ഈ സൃഷ്ടിയുടെ പ്രത്യേകത.
ഒക്ടോബർ 4ന് CMLന്റെ വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ മരിയൻ വീതിക്ക് മുൻപിൽ ഫോട്ടോ ഫ്രെയിം പ്രദർശിപ്പിക്കും.
CML ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. ജോൺസൺ കക്കാട്ട്, പ്രമോട്ടർമാരായ ജോമോൻ കൈപ്രമ്പാടൻ, അമൽ ഒളാട്ട്, വൈസ് പ്രസിഡന്റ് എം. വി. ആന്റണി, ട്രഷറർ ജിൻഷോ ജയ്സൺ, ഓർഗനൈസർ വി. എസ്. സോഹൻ എന്നിവരും സംഘടനാ ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വിശ്വാസം, കൂട്ടായ്മ, സർഗാത്മകത, സേവനം എന്നീ മൂല്യങ്ങളെ ഒരുമിപ്പിച്ച ഈ വേറിട്ട സംരംഭം കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറവും പുതുമയും പകരുകയാണ്.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *