കേരള ടൈംസ് വാർത്താ അവതരണ മത്സരത്തിലെ വിജയത്തിന് പിന്നാലെ അഭിമാനനേട്ടവുമായി എൽ.എഫ്.സി.ജി.എച്ച്.എസ്. കൊരട്ടിയിലെ വിദ്യാർഥിനി
കേരള ടൈംസ് നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താ അവതരണ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അവനിജ ടി.എം. വീണ്ടും വിജയത്തിളക്കത്തിൽ. ചാലക്കുടി ഉപജില്ലാതലത്തിൽ നടന്ന രണ്ട് മത്സരങ്ങളിൽ കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് എൽ.എഫ്.സി.ജി.എച്ച്.എസ്. കൊരട്ടിയിലെ വിദ്യാർഥിനി മികവ് തെളിയിച്ചത്.
സോഷ്യൽ സയൻസ് ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ച ELOCUATION മത്സരത്തിലും തൃശ്ശൂർ ചൈൽഡ് വെൽഫെയർ സൊസൈറ്റി നടത്തിയ പ്രസംഗമത്സരത്തിലുമാണ് അവനിജ ഒന്നാം സ്ഥാനം നേടിയത്. തുടർച്ചയായ വിജയങ്ങളിലൂടെ പഠനമികവിനൊപ്പം അവതരണശേഷിയും പ്രസംഗപാടവവും തെളിയിക്കാനും ഈ മിടുക്കിക്ക് കഴിഞ്ഞു.
കേരള ടൈംസിന്റെ വാർത്താ അവതരണ മത്സരത്തിൽ നേടിയ വിജയത്തിനു പിന്നാലെ ഉപജില്ലാതലത്തിൽ രണ്ട് നേട്ടങ്ങൾ കൂടി സ്വന്തമാക്കിയ അവനിജയെ കേരള ടൈംസ് കുടുംബാംഗങ്ങൾ ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. പ്രതിഭയും ആത്മവിശ്വാസവും കൈമുതലാക്കി കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അവനിജയ്ക്ക് കഴിയട്ടെയെന്നും വിജയത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് ഉയർന്നുപറക്കാൻ അവളുടെ ചിറകുകൾക്ക് ഇനിയും കരുത്തുണ്ടാകട്ടെയെന്നും കേരള ടൈംസ് ആശംസിച്ചു.
ന്യൂസ്ഡെസ്ക് കേരളടൈംസ്




