മാനസികാരോഗ്യത്തിലേക്കുള്ള ശരിയായ വഴി ശ്രദ്ധയോടെ കേൾക്കുകയാണ് : കല്പറ്റ നാരായണൻ

മാനസിക സ്വസ്ഥത നഷ്ടപ്പെട്ട ഒരാളെ മാനസികാരോഗ്യത്തിലേക്ക് തിരികെ നയിക്കുന്നതിൽ ശ്രദ്ധയോടെ കേൾക്കുന്നതിന് നിർണായക പങ്കുണ്ടെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കല്പറ്റ നാരായണൻ പറഞ്ഞു. മന:ശ്രീ മിഷൻ PHRC സംഘടിപ്പിച്ച മാനസികാരോഗ്യ സെമിനാർ തൃശ്ശൂർ പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന:ശ്രീ മിഷൻ ചെയർമാനും പ്രായോഗിക മനഃശാസ്ത്ര ഗ്രന്ഥകാരനുമായ ഡോ. രഹീം ആപ്പാഞ്ചിറ അധ്യക്ഷത വഹിച്ചു.

ഇന്ന് മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കാൻ ആർക്കും സമയമില്ലാത്ത അവസ്ഥയാണ്. ‘സമയമില്ല’ എന്ന പ്രയോഗം പലപ്പോഴും ശ്രദ്ധയില്ലായ്മയുടെ സൂചനയാണ്. മാതാപിതാക്കൾക്ക് മക്കളെയും മക്കൾക്ക് മാതാപിതാക്കളെയും ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരവും ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യം വലിയ മാനസിക പ്രതിസന്ധികൾക്ക് വഴിയൊരുക്കുന്നു. പരസ്പരം ശ്രദ്ധയോടെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതാണ് ഇതിനുള്ള പ്രധാന പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

2026-ലെ ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ‘അനുഭവങ്ങൾ കേൾക്കാം’ എന്ന ആശയത്തിന്റെ പ്രസക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധ്യാനത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തിൽ സ്വന്തം ജീവിതത്തിലെ തീവ്രമായ മാനസിക അനുഭവങ്ങൾ റിസ്വാൻ ചെറുതുരുത്തി പങ്കുവെച്ചു.
ലഘുലേഖ പ്രകാശനം ചെയ്തു
‘വർത്തമാനകാല കേരളത്തിലെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ പ്രസിദ്ധീകരിച്ച ലഘുലേഖ ഡോ. റെന്നി ആന്റണിക്ക് നൽകി കല്പറ്റ നാരായണൻ പ്രകാശനം ചെയ്തു. തുടർന്ന് ഡോ. രഹ്നാഗ്രസ് എം.ഡി., ഡോ. ശക്തി സിൽവൻ എം.ഡി. എന്നിവർ വിഷയത്തിൽ സെമിനാർ നയിച്ചു.
മന:ശ്രീ ബുക്സ് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങൾ കേരള സാഹിത്യ അക്കാദമിക്കും തൃശ്ശൂർ പ്രസ് ക്ലബ് ലൈബ്രറിക്കും മന:ശ്രീ മിഷൻ ചെയർമാൻ ഡോ. രഹീം ആപ്പാഞ്ചിറ, ഡോ. രഹ്നാഗ്രസ്, ഡോ. ശക്തി സിൽവൻ എന്നിവർ ചേർന്ന് കൈമാറി.

സെമിനാറിൽ പങ്കെടുത്ത മനഃശാസ്ത്ര, കൗൺസിലിങ് വിദ്യാർഥികൾക്ക് ഗ്രേഡ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും ലഘുലേഖകളും വിതരണം ചെയ്തു.

അഞ്ജു രാമചന്ദ്രൻ സ്വാഗതവും എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടറും ചീഫ് കോ-ഓർഡിനേറ്ററുമായ എസ്. പ്രീതി നന്ദിയും പറഞ്ഞു.
മനഃശാസ്ത്ര-കൗൺസിലിങ് വിദ്യാർഥികൾ, മനോരോഗ വിദഗ്ധർ, ഹോമിയോപ്പതി ഡോക്ടർമാർ, പൊതുജനങ്ങൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

ന്യൂസ് ഡെസ്‌ക് | കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *