“കാട്ടാന കവർന്ന മാതൃസ്നേഹത്തിന് പകരമാകാൻ വനം വകുപ്പ്; ചിന്നക്കനാലിലെ അനാഥരായ കുട്ടികളെ ചരിത്രത്തിലാദ്യമായി ദത്തെടുത്തതായി മന്ത്രി ഷിബു ബേബി ജോൺ.”

ചിന്നകനാൽ : കാട്ടാന ആക്രമണത്തിൽ അമ്മയെ നഷ്ടപ്പെട്ട് ജീവിതം ഇരുളിലായ രണ്ട് കുരുന്നുകൾക്ക് ഇനി വനം വകുപ്പിന്റെ കരുതൽ. ചിന്നക്കനാലിൽ അമ്മയുടെ ദാരുണ വിയോഗത്തിന്റെ ആഘാതത്തിൽ കഴിയുന്ന കുട്ടികളെ ചരിത്രത്തിലാദ്യമായി വകുപ്പ് ദത്തെടുക്കുകയാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ പ്രഖ്യാപിച്ചു. മാതൃസ്നേഹത്തിന് പകരമാകില്ലെങ്കിലും, ജീവിതം സുരക്ഷിതമാക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
വി.ഒ.:
കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ അമ്മ മാരി കുട്ടികളുടെ കൺമുന്നിൽവെച്ച് കൊല്ലപ്പെട്ടത്. ഒരു വർഷം മുമ്പ് അച്ഛനെയും നഷ്ടപ്പെട്ട ഈ സഹോദരങ്ങൾക്ക് അമ്മ മാത്രമായിരുന്നു ഏക ആശ്രയം.
പതിവുപോലെ അമ്മയുടെ കൈപിടിച്ച് സ്കൂളിലേക്ക് നടന്നുപോയ ആ രാവിലെയാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്. കാട്ടാനയുടെ ആക്രമണത്തിൽ അമ്മ ചോരയിൽ കുളിച്ച് വീഴുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ട ആ ദാരുണ ഓർമ്മ ഇന്നും ആ കുഞ്ഞുമനസ്സുകളെ വേട്ടയാടുകയാണ്.
ആ അനാഥരായ കുട്ടികളുടെ വീട്ടിലെത്തിയ വനംമന്ത്രി ഷിബു ബേബി ജോൺ, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വനം വകുപ്പ് കുട്ടികളെ ദത്തെടുക്കുന്ന തീരുമാനം പ്രഖ്യാപിച്ചു. കുട്ടികൾക്ക് സമ്മാനമായി നൽകിയ രണ്ട് സൈക്കിളുകൾ ആ കണ്ണീർ വീട്ടിൽ ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചെങ്കിലും, ആ സൈക്കിളിൽ കയറി പോകുന്ന മക്കളെ നോക്കി നിൽക്കാൻ ഇനി അവരുടെ അമ്മയില്ലെന്ന യാഥാർത്ഥ്യം ഏവരുടെയും മനസിനെ വേദനിപ്പിക്കുന്നതാണ്.

(BYTE: വനംമന്ത്രി ഷിബു ബേബി ജോൺ)

പതിനെട്ട് വയസ് പൂർത്തിയാകുന്നതുവരെ കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, ഭക്ഷണം, ദൈനംദിന ചെലവുകൾ തുടങ്ങി എല്ലാ കാര്യങ്ങളും വനം വകുപ്പ് ഏറ്റെടുക്കും. പ്രതിമാസം അയ്യായിരം രൂപ ധനസഹായം, സ്കൂൾ ഫീസ്, റേഷൻ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ എന്നിവയും വകുപ്പ് ഉറപ്പാക്കും.
ഭാവിയിൽ സ്വന്തമായി ഒരു വീട് ആവശ്യമായി വന്നാൽ അതും നിർമ്മിച്ച് നൽകുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികൾക്കായി പ്രത്യേക മെന്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബന്ധു കൂടിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ. രമേശനാണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല വഹിക്കുന്നത്. ഇതിനാവശ്യമായ ബാങ്ക് അക്കൗണ്ടുകളും മറ്റ് സാങ്കേതിക നടപടികളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
വന്യമൃഗ ആക്രമണത്തിൽ കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന പുതിയ മാതൃകാപരമായ ഇടപെടലായാണ് ഈ പദ്ധതിയെ മന്ത്രി വിശേഷിപ്പിച്ചത്.
ടാഗ്:
ലക്ഷങ്ങളുടെ നഷ്ടപരിഹാരത്തിനോ സർക്കാർ സഹായങ്ങൾക്കോ മാതൃസ്നേഹത്തിന് പകരമാകാനാവില്ല. എന്നാൽ, ജീവിതം തകർന്നുപോയ രണ്ട് കുഞ്ഞുങ്ങൾക്ക് ഇനി അവർ ഒറ്റക്കല്ലെന്ന ഉറപ്പാണ് വനം വകുപ്പ് നൽകുന്നത്. കാട് കവർന്ന മാതൃസ്നേഹത്തിന്റെ ശൂന്യത പൂർണ്ണമായി നികത്താനാകില്ലെങ്കിലും, ആ ജീവിതങ്ങൾക്ക് കാവലായി ഇനി സർക്കാരിന്റെ കരുതൽ കൈകൾ ഉണ്ടാകുമെന്ന സന്ദേശത്തോടെയാണ് ഈ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്.
കേരള ടൈംസ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *