ഭൂമിയുടെ ആയുസ്സിന്മേൽ മനുഷ്യൻ നടത്തുന്ന കടന്നുകയറ്റങ്ങളുടെ ആകെത്തുകയാണ് ഇന്ന് നാം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം. ഉരുകിയൊലിക്കുന്ന ഹിമാനികളും, ക്രമം തെറ്റുന്ന ഋതുക്കളും, കനക്കുന്ന പ്രകൃതിദുരന്തങ്ങളും ഒരു കാര്യം അടിവരയിടുന്നു: നാം ഒരു ആഗോള അടിയന്തരാവസ്ഥയിലാണ്.വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ ആഗോളതാപനം വർദ്ധിപ്പിക്കുകയും ഭൂമിയുടെ സ്വാഭാവിക സമതുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്തു. ഇത് കേവലം ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പല്ല, മറിച്ച് നിത്യജീവിതത്തിൽ നാം അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. ഈ ആഗോള പ്രതിസന്ധിയെ നേരിടാൻ ആഗോളതലത്തിൽ കൂട്ടായ പരിശ്രമങ്ങൾ നടക്കുമ്പോഴും, പ്രാദേശികമായ ഇടപെടലുകൾക്കും അവബോധത്തിനുമാണ് മുൻഗണന നൽകേണ്ടത്.പാറകളും മണ്ണും: ഭൂമിയുടെ ജീവരക്തം.ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ അന്താരാഷ്ട്ര പാറദിനത്തിന്റെ (International Rock Day) സന്ദേശം പ്രസക്തമാകുന്നത്.”പാറകളുടെ സംരക്ഷണം: ഭൂമിയുടെ ചരിത്രത്തിന്റെയും പ്രകൃതിദത്ത പ്രതിരോധത്തിന്റെയും കാവലാൾ”ഭൂമിയുടെ ഉപരിതലത്തെയും ഭൂഗർഭ ജലസ്രോതസ്സുകളെയും നിലനിർത്തുന്നതിൽ പാറകൾക്കുള്ള പങ്ക് സമാനതകളില്ലാത്തതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കുറയ്ക്കുന്നതിൽ പ്രകൃതിദത്തമായ ഈ പാറക്കെട്ടുകൾ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. അവ വെറും കല്ലുകളല്ല, മറിച്ച് ഭൂമിയുടെ താപനിലയെ ക്രമീകരിക്കുന്നതിലും, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളെ ചെറുക്കുന്നതിലും നിർണായകമായ കോട്ടകളാണ്.ഭൂഗർഭജല സംഭരണം: പാറയിടുക്കുകളും കുന്നുകളും മഴവെള്ളത്തെ ഭൂമിക്കടിയിലേക്ക് ഇറക്കിവിട്ട് ഭൂഗർഭജല നിരപ്പ് നിലനിർത്തുന്നു.പ്രകൃതിദത്ത മതിൽ: മലയോര മേഖലകളിൽ മണ്ണൊലിപ്പും ഉരുൾപൊട്ടലും തടയാൻ പാറകൾ പ്രകൃതിദത്തമായ കാവലൊരുക്കുന്നു.കാലാവസ്ഥാ രേഖകൾ: ലക്ഷക്കണക്കിന് വർഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ചരിത്രം ഒളിപ്പിച്ചുവെച്ച ജീവനുള്ള പുസ്തകങ്ങളാണ് പാറകൾ.കേരളം നേരിടുന്ന വെല്ലുവിളികൾ.ഹരിതാഭമായ നമ്മുടെ കേരളവും ഈ പ്രതിസന്ധിയിൽ നിന്ന് മുക്തമല്ല. അനിയന്ത്രിതമായ ക്വാറി ഖനനവും തണ്ണീർത്തടങ്ങൾ നികത്തലും, കുന്നുകൾ നിരത്തി റോഡുകളിൽ മണ്ണ് നിറക്കുന്നതും നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രപരമായ ഘടനയെത്തന്നെ മാറ്റിയെഴുതുകയാണ്. പശ്ചിമഘട്ടത്തിലെ കുന്നിടിക്കലും പാറപൊട്ടിക്കലും വരാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു.കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതോടൊപ്പം തന്നെ പ്രകൃതിവിഭവങ്ങളുടെ ചൂഷണം അവസാനിപ്പിക്കേണ്ടതുമുണ്ട്. വികസനം അനിവാര്യമാണെങ്കിലും, അത് പ്രകൃതിയുടെ നെഞ്ചുപിളർന്നുകൊണ്ടാകരുത്.മുന്നോട്ടുള്ള വഴിഭാവി തലമുറയ്ക്ക് ജീവിക്കാൻ യോഗ്യമായ ഒരു ഭൂമി അവശേഷിപ്പിക്കണമെങ്കിൽ നാം ഇന്ന് മാറിച്ചിന്തിച്ചേ മതിയാകൂ. ദേശീയപാതകളുടെ വികസനത്തിൽ, റോഡുകൾ മണ്ണിട്ട് നികത്താതെ മേൽപ്പാലങ്ങളിലേക്ക് ശ്രദ്ധിക്കാൻ തയ്യാറാകണം. ഇന്നത്തെ ദേശീയപാത നിർമ്മാണത്തിൽ, ഒരു പ്രദേശത്തെ രണ്ടായി തിരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കുന്നുകൾ നിരത്തുന്ന മണ്ണുകളാണ്.ഹരിത ഊർജ്ജത്തിലേക്ക് മാറുക: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് സൗരോർജ്ജം, പാവനത ഊർജ്ജം എന്നിവയ്ക്ക് മുൻഗണന നൽകുക.സുസ്ഥിര വികസനം: പരിസ്ഥിതി ആഘാത പഠനങ്ങൾ കൃത്യമായി നടത്തിക്കൊണ്ടുമാത്രം വികസന പദ്ധതികൾ നടപ്പിലാക്കുക.പ്രകൃതി സംരക്ഷണം: അന്താരാഷ്ട്ര പാറദിനം ഓർമ്മിപ്പിക്കുന്നതുപോലെ, കാടുകളും പുഴകളും പാറക്കൂട്ടങ്ങളും ഉൾപ്പെടുന്ന പ്രകൃതി വ്യവസ്ഥയെ അതുപോലെ നിലനിർത്തുക.കാലാവസ്ഥാ വ്യതിയാനം ഒരു വിദൂര ഭീഷണിയല്ല, അത് നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിർത്തി, അതിനോട് ഇണങ്ങി ജീവിക്കാൻ മനുഷ്യൻ തയാറാകണം. അതിനായുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ജനകീയ കൂട്ടായ്മയുമാണ് ഈ സമയത്തിന്റെ ആവശ്യം.
കാലാവസ്ഥാ വ്യതിയാനം:ലോകത്തിന്റെ ഭാവി നിർണയിക്കുന്ന പ്രതിസന്ധി.



