തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തുടരുന്നതിനിടെ, തന്നെ തന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കത്തു നല്കി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. തനിക്ക് പകരം മകന് കണ്ഠര് ബ്രഹ്മദത്തനെ ഈ ചുമതല ഏല്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. താഴമണ്‍മഠം കുടുംബത്തില്‍ നിന്നുള്ള രണ്ട് തന്ത്രിമാര്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗങ്ങളാകുന്നതാണ് നിലവിലെ കീഴ് വഴക്കം. രാജീവരുടെ കത്തിന്മേൽ ഏറെ ജാഗ്രതയോടെയാണ് ദേവസ്വം ബോര്‍ഡ് നീങ്ങുന്നത്. രാജീവരുടെ പേരില്‍ നിലവില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ ബോര്‍ഡ് നിയമവിദഗ്ധരുമായി തീവ്ര ആലോചനയിലാണ്. ബോർഡ് സ്വമേധയാ തീരുമാനമെടുത്താല്‍ അതിനു നിയമ പരിരക്ഷയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ നിലപാടു കൂടി അറിഞ്ഞ ശേഷമായിരിക്കും ബോര്‍ഡിന്റെ അന്തിമ തീരുമാനം.
താഴമൺ മഠത്തിലെ ഇളമുറക്കാരിലേക്ക് തന്ത്രിസ്ഥാനം
നിലവില്‍ കണ്ഠര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി സ്ഥാനത്തുള്ളത്. കണ്ഠര് മോഹനരും കണ്ഠര് രാജീവരുമായിരുന്നു തന്ത്രിസ്ഥാനം മാറിമാറി വഹിച്ചിരുന്നത്. പിന്നീട് മോഹനര് മാറി പകരം മകന് കണ്ഠര് മഹേഷ് മോഹനര് ചുമതലയിലെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രാജീവരും തന്റെ മകനായ കണ്ഠര് ബ്രഹ്മദത്തന് സ്ഥാനം കൈമാറാന്‍ അനുമതി തേടിയിരിക്കുന്നത്. വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനം മുതല്‍ തന്ത്രിസ്ഥാനത്തിന്റെ ഊഴം കണ്ഠര് രാജീവര്ക്കായതിനാലാണ് കത്ത് നൽകിയിരിക്കുന്നത്.
ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) 2026 ജനുവരി 9 ന് കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഏകദേശം 40 ദിവസത്തോളം അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഫെബ്രുവരി 18 നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. തന്ത്രിക്കെതിരെ ആരോപിക്കുന്ന ക്രമക്കേടുകളില്‍ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഈ ജാമ്യം ഹൈക്കോടതിയും റദ്ദാക്കിയിരുന്നില്ല.
ശബരിമല തന്ത്രിസ്ഥാനം ഒഴിയാൻ കണ്ഠര് രാജീവര്; മകൻ ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യം.




