ആലപ്പുഴ / കോട്ടയം: ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ ചരിത്രപരമായ സമരവിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും അവർക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം. പി.. ജന്തർ മന്ദർ സമരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസ് പരസ്യമായി രംഗത്തിറങ്ങിയിരുന്നെങ്കിൽ, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി. പ്രചരിപ്പിക്കുമായിരുന്നു. സമരരംഗത്തുള്ള വിദ്യാർത്ഥികൾക്ക് നിയമസഹായം ഉൾപ്പെടെ എല്ലാവിധ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നതായും, ബി.ജെ.പി. മുന്നേറ്റത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരായ പ്രതിപക്ഷ മുന്നേറ്റങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം ബില്ലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ തിങ്കളാഴ്ച നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ കൈക്കൊള്ളുമെന്നും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യുവജന മുന്നേറ്റത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയെന്നു ജോസ് കെ. മാണി എം.പി. പ്രസ്താവിച്ചു.
രാജ്യത്തെ ശക്തമായ വിദ്യാർത്ഥി-യുവജന മുന്നേറ്റത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കിയെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) സംഘടിപ്പിച്ച ‘യുവാരവം’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോനം വാങ്ചുക്കും അഭിജിത്ത് ദീപ്കെയും ഏറ്റെടുത്തത് സമൂഹത്തിന്റെ പൊതുവിഷയമാണെന്നും, ഭരണഘടനയെയും ജനാധിപത്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ പോരാടാൻ മുഴുവൻ യുവാക്കളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ധ്രുവ് ദി ബാൻഡിന്റെ സഹകരണത്തോടെ സംഗീതത്തെ സമര ആയുധമാക്കിക്കൊണ്ട് വേറിട്ട രീതിയിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എക്സ് എം.പി., ജോബ് മൈക്കിൾ, പ്രൊഫ. ലോപ്പസ് മാത്യു, വിജി എം. തോമസ് എന്നിവർ സംസാരിച്ചു.




