കൊച്ചി: ധന്യനായ ഫാ. തിയോഫിൻ കപ്പുച്ചിന്റെ 113-ാം ജന്മദിനം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പൊന്നൂരുന്നി കപ്പുച്ചിൻ ആശ്രമ ദൈവാലയത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ജൂലൈ 20-ന് നടന്ന ആഘോഷ പരിപാടികളിൽ പങ്കുകൊള്ളാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകായിരം വിശ്വാസികളാണ് ഒഴുകിയെത്തിയത്.
വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആഘോഷമായ കൃതജ്ഞത ദിവ്യബലി, ധന്യന്റെ സമാധിയിടത്തിലെ പ്രത്യേക പ്രാർത്ഥന, ദീപക്കാഴ്ച, ജന്മദിന കേക്ക് മുറിക്കൽ എന്നിവയോടെയായിരുന്നു ദിനാചരണം.
കപ്പുച്ചിൻ സഭ പ്രൊവിൻഷ്യൽ ഫാ. സ്റ്റാലിൻ വർഗീസ്, വികാർ പ്രൊവിൻഷ്യൽ ഫാ. പീറ്റർ തോമസ്, തിയോഫിൻ ഗിൽഡ് ഡയറക്ടർ ഫാ. കുര്യാക്കോസ്, ആശ്രമ സുപ്പീരിയർ ഫാ. ജോൺ ബാപ്ടിസ്റ്റ്, വൈസ് പോസ്റ്റുലേറ്റർ ഫാ. റോബിൻ ഡാനിയേൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തിയോഫിനച്ചന്റെ മാധ്യസ്ഥം തേടിയും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ചും പ്രാർത്ഥനാപൂർവ്വം എത്തിയ വിശ്വാസികൾക്ക് ആശ്രമത്തിൽ പ്രത്യേക സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു.



